മസ്കത്ത്: ഖരീഫ് സീസണിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് ദോഫാർ പൊലീസ് കമാൻഡ് ആസ്ഥാനം സന്ദർശിച്ചു. തിരക്കേറിയ അവധിക്കാലത്ത് ദോഫാറിലെ വിവിധ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും സന്നദ്ധത വിലയിരുത്തുകയായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ദോഫാർ പൊലീസ് കമാൻഡും ദോഫാർ മുനിസിപ്പാലിറ്റിയും തയ്യാറാക്കിയ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ വിലയിരുത്തുകയായിരുന്നു സന്ദർശനത്തിന്റെ പ്രാഥമിക ലക്ഷ്യം.
ഖരീഫ് സീസണിൽ സലാലയിലെ പ്രധാന പ്രദേശങ്ങളിൽ തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിൽ ഈ പ്ലാൻ സുപ്രധാന പങ്ക് വഹിക്കും. വിവിധ സ്ഥലങ്ങളിലുടനീളം ഗതാഗതം സുഗമമാക്കുന്നതിന്റെ പ്രാധാന്യം ഗവർണർ ചൂണ്ടിക്കാണിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ, നിർദിഷ്ട നടപടികൾ, ബദൽ റൂട്ടുകൾ എന്നിവ ഉൾപ്പെടുന്ന പൊലീസ് നേതൃത്വം അവതരിപ്പിച്ച തയ്യാറെടുപ്പ് പദ്ധതി അദ്ദേഹം അവലോകനം ചെയ്തു.
അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, ബദൽ റൂട്ടുകൾ, ബുർജ് നഹ്ദ റൗണ്ട്എബൗട്ട്, നഹ്ദ സിഗ്നലുകൾ, അൽ മമുറ റൗണ്ട്എബൗട്ട് തുടങ്ങിയവക്കുമുള്ള പ്രത്യേക നടപടികളും പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. സലാല വിലായത്തിലെ വിവിധ പരിപാടികൾ നടക്കുന്ന ഇത്തീൻ, ദഹാരിസ്, അൽ സഅദ, സൈറ്റുകൾ എന്നിവയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളാണ്. ഗവർണറോടൊപ്പം മറ്റ് നിരവധി ഉദ്യോഗസ്ഥരും കൂടിയുണ്ടായിരുന്നു. ഖരീഫ് സീസണിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെ പ്രധാന്യം വെളിവാക്കുന്നതായിരുന്നു ഗവർണറുടെ സന്ദർശനം. ഈ വർഷത്തെ ഖരീഫ് സീസണിന് ജൂൺ 21ന് ആണ് തുടക്കമായിരിക്കുന്നത്.
സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന കുളിരണിയുന്ന മഴക്കാലം നുകരാനായി സ്വദേശത്തും നിന്നും വിദേശത്തുനിന്നുമായി ആയിരക്കണക്കിനാളുകൾ ദോഫാറിലേക്ക് ഒഴുകും. പതിവിൽനിന്ന് വ്യത്യസ്തമായി സീസണിന്റെ ഭാഗമായി ഒരുക്കാറുള്ള ടൂറിസം ഫെസ്റ്റിവൽ വൈവിധ്യമാർന്ന പരിപാടികളോടെ 90 ദിവസങ്ങളിലായാണ് ഇത്തവണ നടക്കുക. ഇതോടെ കൂടുതൽ സഞ്ചാരികളെ ദേഫാറിലേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. മുൻ വർഷങ്ങളിൽ 45 ദിവസങ്ങളിലായായിരുന്നു പരിപാടികൾ നടന്നിരുന്നത്. പരിസ്ഥിതി, യുവാക്കൾ, കുട്ടികൾ, സംസ്കാരം, കല എന്നിങ്ങനെ അഞ്ചു പ്രധാന തീമുകളിലായി 180ലധികം ഇവൻറുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.