മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ജൂനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കായുള്ള മത്സരങ്ങളുടെ സീസൺ സെപ്റ്റംബർ 30ന് ആരംഭിക്കും. ക്രിക്കറ്റിനെ അടിത്തട്ടിൽനിന്ന് വളർത്താനും കുട്ടികളിൽ കളിയോടുള്ള താൽപര്യം രൂപപ്പെടുത്തിയെടുക്കാനുമാണ് അണ്ടർ 11 മുതൽ ജൂനിയർ വിഭാഗത്തിലെ കുട്ടികൾക്കായി ടൂർണമെന്റ് ഒരുക്കുന്നത്. അണ്ടർ 11, അണ്ടർ 13, അണ്ടർ 16, അണ്ടർ 19 എന്നീ വിഭാഗങ്ങളിലേക്കാണ് മത്സരം നടക്കുക. ഓരോ വിഭാഗത്തിനും നിശ്ചിത പ്രായപരിധി ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് സ്കൂളുകളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 17ന് അവസാനിക്കും. കളിക്കാരുടെ അക്കാദമികളിലേക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 18ന് ആരംഭിച്ച് സെപ്റ്റംബർ 24ന് അവസാനിക്കും. കോച്ചുമാരുടെ യോഗം സെപ്റ്റംബർ 26നും നിശ്ചയിച്ചിട്ടുണ്ട്. താൽപര്യമുള്ള സ്കൂളുകൾക്കും അക്കാദമികൾക്കും www.omancricket.org വഴി രജിസ്റ്റർ ചെയ്യാം. ഒമാൻ ക്രിക്കറ്റ് അതിന്റെ വനിത ക്രിക്കറ്റ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്കായി അണ്ടർ 15, അണ്ടർ 19 മത്സരങ്ങൾ അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. വനിത ഇൻഡോർ, ഔട്ട്ഡോർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ് പൂർത്തിയായതിന് ശേഷം ഇതിനായുള്ള രജിസ്ട്രേഷൻ വിശദാംശങ്ങൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.