മസ്കത്ത്: കൊട്ടുംകുരവയുമായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച വിമാനങ ്ങൾ പറന്നുയരുന്നു. സൗദിഅറേബ്യ, യു.എ.ഇ, ഖത്തർ രാജ്യങ്ങളിലേക്ക് തുടക്കത്തിൽ തന്നെ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ടെങ്കിലും കണ്ണൂരിൽനിന്ന് ഒമാനിലേക്ക് എന്നാണ് വിമാനങ്ങൾ പറന്നെത്തുകയെന്നറിയാതെ പ്രവാസികൾ. എയർ ഇന്ത്യ എക്സ്പ്രസും ഗോ എയറും കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഷെഡ്യൂൾ പോലും തയാറാക്കിയിട്ടില്ല.സമൂഹമാധ്യമങ്ങളിലും മറ്റും ഡിസംബർ അവസാനത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-മസ്കത്ത് സർവിസ് ആരംഭിക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഇതിന് ഒൗദ്യാഗികമായി ഒരു സ്ഥിരീകരണവുമില്ല. റിയാദ്, ഷാർജ, അബൂദബി, ദോഹ വിമാന സർവിസുകൾ തുടങ്ങുന്നതിന് നവംബറിൽ ബുക്കിങ് ആരംഭിച്ചിരുന്നു. കൃത്യമായ ഷെഡ്യുളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മസ്കത്തിലേക്കുള്ള വിമാന സർവിസുകളുടെ ബുക്കിങ് ആരംഭിക്കാത്ത സ്ഥിതിക്ക് സർവിസ് ഡിസംബർ അവസാനം ആരംഭിക്കില്ലെന്നാണ് ഇൗ മേഖലയിലുളളവർ പറയുന്നത്. അതോടൊപ്പം മസ്കത്ത് വിമാനത്താവളത്തിൽനിന്ന് അന്തിമ അനുമതി ലഭിക്കുകയും വേണം.
ഗോ എയർ ഒമാനിൽ ഏജൻറിനെപോലും നിശ്ചയിച്ചിട്ടില്ല. ഏജൻറിനെ നിശ്ചയിച്ച ശേഷം മറ്റു നിരവധി കടമ്പകളും ഗോ എയറിന് കടക്കാനുണ്ട്.
ജനുവരി, ഫെബ്രുവരി മാസങ്ങൾ പൊതുവെ വിമാന കമ്പനികൾക്ക് ഒാഫ്സീസനാണ്. യാത്രക്കാർ തീരെ കുറവായ മാസങ്ങളാണിത്. ഡിസംബർ സീസണാണെങ്കിലും യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്ത് കഴിഞ്ഞതിനാൽ ആ തിരക്കും കണ്ണൂർ സർവിസുകൾക്ക് ലഭിക്കാനിടയില്ല. അതിനാൽ, നിലവിലെ സാഹചര്യത്തിൽ മാർച്ചിലായിരിക്കും കണ്ണൂർ-മസ്കത്ത് സർവിസ് ആരംഭിക്കാൻ സാധ്യതയെന്നും ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.