മസ്കത്ത്: വാഹനനിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സ് രൂപകൽപന ചെയ്ത സ്കൂൾ ബസ് ഉടൻ നിരത്തിലിറങ്ങും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് പുറത്തിറക്കുക.
സുൽത്താനേറ്റിലെ ബന്ധപ്പെട്ട അധികാരികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഗതാഗതപരിഹാരങ്ങൾ നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ബസ് പുറത്തിറക്കുന്നതെന്ന് കർവ മോട്ടോഴ്സിന്റെ സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞു. പൊതുസുരക്ഷയും സ്കൂൾ ഗതാഗത ആവശ്യകതകളും കണക്കിലെടുത്ത് സ്കൂൾ ഗതാഗത മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളും പഠിച്ച ശേഷമാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ഒമാൻ വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലാണ് കര്‍വ മോട്ടോഴ്സിന്റെ ബസ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഒമാനിൽ കവചിതവാഹനങ്ങളുടെ നിർമാണത്തിനും കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു. ദ ആർമർഡ് ഗ്രൂപ്പുമായി (ടാഗ്) സഹകരണ, നിർമാണ സേവന കരാറിൽ ആണ് ഒപ്പുവെച്ചിട്ടുള്ളത്. ഒമാന്റെയും ഖത്തറിന്റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. കമ്പനിയുടെ 70 ശതമാനം ഓഹരി ഖത്തർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുമാണുള്ളത്. കർവ മോട്ടോഴ്സിന് ബസ് നിർമാണത്തിൽ പ്രത്യേകമായ ഒരു ഫാക്ടറിയുണ്ട്. പ്രതിവർഷം ശരാശരി 600 ബസുകൾ ഇവിടെ നിർമിക്കുന്നുണ്ട്.
2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ഉൽപാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവ നിർമിക്കുന്നു. ദുകത്തെ പ്രത്യേക സാമ്പത്തികമേഖലയിൽ 600,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.