മസ്കത്ത്: ഖരീഫ് സീസൺ അവസാനത്തോട് അടുക്കുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡ് വർധനവെന്ന് കണക്കുകൾ. സീസൺ തുടങ്ങിയ ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെ കാലയളവിൽ 8.16 ലക്ഷം പേരാണ് ദോഫാർ സന്ദർശിച്ചത്. 2023ൽ സമാന കാലയളവിൽ 7.39 ലക്ഷമാണ് സന്ദർശകരുടെ എണ്ണം. ഈ വർഷം 10.3 ശതമാനം അധിക സന്ദർശകരാണ് എത്തിയതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
സന്ദർശകരിൽ ഒമാനികളുടെ എണ്ണം ഗണ്യമായ വർധനവാണുണ്ടായത്. 5.67 ലക്ഷം സ്വദേശികളാണ് ഇക്കുറി ഖരീഫിന്റെ മനോഹാരിത നുകരാൻ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനമാണ് സ്വദേശി സന്ദശകരുടെ വർധന. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 1.25 ലക്ഷം പേർ എത്തിയത് ഇക്കുറി 1.39 ലക്ഷമായി ഉയർന്നു. മറ്റു വിദേശരാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 97,719 എത്തിയത് ഈ വർഷം 1.08 ലക്ഷമായി ഉയർന്നു.
ഈ വർഷത്തെ സന്ദർശകരിൽ 1.67 ലക്ഷം പേരാണ് വിമാനത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.2 ശതമാനമാണ് വിമാനയാത്രികരിലെ വർധന. 6.48 ലക്ഷം പേരും കര, കടൽ മാർഗമാണ് എത്തിയത്. ഈ വർഷത്തെ സന്ദർശകരിൽ 49.5 ശതമാനം പേരും ആഗസ്റ്റ് ഒന്നിനും 15നുമിടയിലാണ് എത്തിയതെന്നതും ശ്രദ്ധേയമാണ്.
ചാറ്റൽമഴയും കോടമഞ്ഞുമെല്ലാം നിറഞ്ഞ അന്തരീക്ഷമാണ് ഖരീഫ് കാലത്ത് ദോഫാറിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കടൽത്തീരങ്ങൾ, മലനിരകൾ, കൃഷിയിടം, മരുഭൂമി തുടങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയും ദോഫാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുരാവസ്തു, ചരിത്ര സ്ഥലങ്ങളും ഗവർണറേറ്റുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.