മസ്കത്ത്: ഖരീഫ് സീസണിൽ അൽവുസ്ത ഗവർണറേറ്റ് വഴി ദോഫാർ ഗവർണറേറ്റിലേക്ക് എത്തുന്നവർക്ക് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ഒരുക്കി ആരോഗ്യ മന്ത്രാലയം. ദാഖിലിയയെയും ദോഫാർ ഗവർണറേറ്റുകളെയും അൽ വുസ്ത വഴി ബന്ധിപ്പിക്കുന്ന റോഡിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് എമർജൻസി മാനേജ്മെന്റ് സെന്ററിൽനിന്നുള്ള മുഹമ്മദ് സെയ്ഫ് അൽ ബുസാഫി പറഞ്ഞു.
ഖരീഫ് സീസണിലുണ്ടാകുന്ന ഉയർന്ന അപകടനിരക്ക് ആശുപത്രിയിൽ തിരക്കിനു കാരണമാകാറുണ്ട്. ഇത് ദോഫാറിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് ആരോഗ്യ സംബന്ധിയായ വെല്ലുവിളികളെ നേരിടാൻ ദോഫാർ, അൽവുസ്ത ഗവർണറേറ്റുകൾക്കായി സമഗ്ര പിന്തുണ പദ്ധതി ആരോഗ്യമന്ത്രാലയം ആവിഷ്കരിച്ചിട്ടുള്ളത്.
കുറവുകൾ നേരിടുന്ന സ്പെഷാലിറ്റികൾക്കായി അധിക ഡോക്ടർമാരെയും നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും വിന്യസിക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് അൽ ബുസാഫി പറഞ്ഞു. ആരോഗ്യ സംരക്ഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം വിവിധ ആരോഗ്യ സേവന ഡയറക്ടറേറ്റുകളിൽനിന്നും ആശുപത്രികളിൽനിന്നും മെഡിക്കൽ ടീമുകളെയും എത്തിച്ചിട്ടുണ്ട്.
എമർജൻസി മാനേജ്മെന്റ് സെന്റർ ഈ പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുകയും ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും പുരോഗതി വിലയിരുത്തുന്നതിന് മെഡിക്കൽ ടീമുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ആവശ്യമെങ്കിൽ ഇടപെടാൻ ദേശീയ മെഡിക്കൽ എമർജൻസി ടീം തയാറാണ്. അപകടങ്ങൾ തടയുന്നതിനും എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും ട്രാഫിക് സുരക്ഷയും ആരോഗ്യ മാർഗനിർദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് മുഹമ്മദ് സെയ്ഫ് അൽ ബുസാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.