ആത്മസമര്‍പ്പണത്തിന്റെ നിറവിലേക്ക്, അല്ലാഹുവിന്റെ പ്രീതി തേടി, വിശ്വാസികള്‍ ദൈവവിചാരങ്ങളില്‍ മുഴുകുന്ന റമദാന് സമാഗതമായി. അപ്രതീക്ഷിതമായി കടന്നുവന്ന ഒരു അണുവിന്റെ മാന്ത്രിക വിസ്ഫോടനത്തിനു മുന്നില്‍ പകച്ചുനിന്ന ലോകം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ ഇല്ലാതെ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി ആത്മീയ ചൈതന്യം കൈവരിക്കാനൊരുങ്ങുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ നോമ്പിനുണ്ട്.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളുപേക്ഷിച്ച്, പ്രലോഭനങ്ങളിലൊന്നിനും അടിമപ്പെടാതെ ദൈവസ്മരണയില്‍ മുഴുകി സഹജീവികളെ സഹായിച്ചും ദാനം നല്‍കിയും കഴിയുന്ന വ്രതാനുഷ്ഠാനം, അതാണ് ഈ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ പ്രവാസജീവിതത്തിലുടനീളം ഞാന്‍ കണ്ടറിഞ്ഞ റമദാന് വ്രതാചരണം. പ്രവാസിയായതില്‍ പിന്നെ എല്ലാ വര്‍ഷവും ഇഫ്താര്‍ വിരുന്നുകളുടെ ഭാഗമാവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പങ്കെടുക്കുവാന്‍ അവസരം ലഭിച്ച ഇഫ്താര്‍ വിരുന്നുകളെല്ലാം അറിവിന്റെ വിരുന്നുകള്‍ കൂടിയായിരുന്നു. ഞാനടക്കമുള്ള മറ്റ് പല മതസ്ഥരെയും ഉള്‍പ്പെടുത്തി റമദാന്റെ പ്രത്യേകതകള്‍ വിവരിച്ചു കാട്ടിയ വിരുന്ന്. ഒരു നോമ്പു തുറ വിരുന്ന് എന്നതിലുപരി അറിവിന്റെ വിരുന്നു കൂടിയാക്കി മാറ്റാമെന്ന് എന്റെ പ്രിയ സുഹൃത്തുക്കള്‍ തെളിയിച്ചുതന്ന വര്‍ഷങ്ങളായിരുന്നു കടന്നുപോയത്.
ആദ്യമായി പങ്കെടുത്ത ഇഫ്താർ വിരുന്നുകളിലൊക്കെയും തീന് മേശയില്‍ നിറഞ്ഞിരിക്കുന്ന വിവിധ നോമ്പ് തുറ വിഭവങ്ങളിലായിരുന്നു ഞാനുള്‍പ്പെടുന്ന ഇതര മതസ്ഥരായ പലരുടെയും ശ്രദ്ധ. അപ്പോഴൊന്നും അവിടെ സംഘടിപ്പിച്ച റമദാന് ക്വിസിലോ പ്രഭാഷണങ്ങളിലോ ഒന്നും ഞങ്ങളുടെ മനസ്സുമുടക്കിയില്ല എന്നതാണ് വാസ്തവം.
ആരുടെയെങ്കിലും നിര്‍ബന്ധത്തിനുവഴങ്ങി പകല്‍ മുഴുവന്‍ പട്ടിണിയിരിക്കുന്നതല്ല റമദാന് വ്രതം, മറിച്ച് മനസ്സും ശരീരവും ആത്മസംസ്കരണം ചെയ്തെടുക്കുവാന്‍, എല്ലാ കർമങ്ങള്ക്കുപിന്നിലും ഒരു ലക്ഷ്യമുണ്ടാവണമെന്ന തിരിച്ചറിവ് നേടുവാന്‍, വൈകാരിക ശക്തിയെ ക്രമീകരിക്കുവാന്‍, വിശക്കുന്നവരുടെ ദുരിതമറിയുവാന്‍ തുടങ്ങി നിരവധി ലക്ഷ്യം ഈ ഒരു നോമ്പാചരണത്തിന്റെ പിന്നിലുണ്ടെന്ന സത്യം ഞങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള അറിവിന്റെ സമന്വയം കൂടിയായിരുന്നു പിന്നീടങ്ങോട്ടുള്ള ഓരോ ഇഫ്താര്‍ വിരുന്നുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.