മസ്കത്ത്: 37 വർഷത്തെ പ്രവാസജീവിതം മതിയാക്കി ചാവക്കാട് സ്വദേശി കുഞ്ഞുമുഹമ്മദ് ഒമാനോട് വിടപറയുന്നു. 23ാം വയസ്സിലാണ് ഒമാനിലെത്തുന്നത്. 60ാം വയസ്സിൽ ഇവിടെനിന്ന് മടങ്ങുമ്പോൾ ഒരുപാട് ഓർമകളാണ് മനസ്സിൽ തെളിയുന്നത്. ഹോട്ടൽ, സൂപ്പർമാർക്കറ്റ്, ഇലക്ട്രോണിക് ഷോപ് തുടങ്ങിയയിടങ്ങളിൽ മാനേജറായും സ്വന്തമായി ഷോപ്പുകൾ നടത്തിയും പലവിധ ജോലികൾ ചെയ്തു. ഇടക്കാലത്ത് രണ്ടു വർഷത്തോളം നാട്ടിൽ താമസിച്ചു. പിന്നീട് തിരിച്ചുവന്ന് അൽഖുവയറിൽ ഹോട്ടൽ മാനേജറായി ജോലിനോക്കി.
അവസാനമായി നീണ്ട 20 വർഷം റൂവിയിൽ അൽ ഫൈലഖ് ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ഒമാനിൽ വന്ന ആദ്യകാലങ്ങളിൽ ടാറിടാത്ത റോഡുകളും ഷീറ്റിട്ട ബിൽഡിങ്ങുകളുമൊക്കെയായിരുന്നെങ്കിലും ധാരാളം വിദേശികൾ ജോലിചെയ്തിരുന്നു. പടിപടിയായി ഓരോദിവസവും ഒമാൻ വളരുകയായിരുന്നു. മാറ്റങ്ങൾക്ക് വിധേയമാവുകയായിരുന്നു. പഴയകാലത്തെ വെജിറ്റബിൾ മാർക്കറ്റുകൾ, ഇന്ത്യൻ എംബസി എന്നിവ നിലനിന്നിരുന്നത് റൂവിയിൽ ആയിരുന്നുവെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ഇപ്പോൾ ജോലിചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിൽനിന്ന് വിടപറയുമ്പോൾ ഒരുപാട് നന്മകളുടെ ഓർമകൾ പറയാനുണ്ട്. ഭക്ഷണവും സാമ്പത്തിക സഹായവും പലവിധ കാര്യങ്ങളും അന്വേഷിച്ചെത്തുന്നവർ എന്നും നിരവധിയാണ്. എല്ലാത്തിനും സ്ഥാപനത്തിെൻറ മാനേജ്മെന്റ് കൈയയച്ച് സഹായവും സഹകരണവും നൽകാറുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. വീടും കുടുംബവും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും ഉപജീവനവുമെല്ലാം ഒമാൻ എന്ന രാജ്യവുമായി കടപ്പെട്ടിരിക്കുന്നുവെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.