മസ്കത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസലോകവും പ്രചാരണചൂടിലേക്ക്. വിവിധ പാർട്ടി അനുകൂല കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു. കെ.എം.സി.സി, കൈരളി ഒമാൻ, ഒ.ഐ.സി.സി തുടങ്ങി ചെറുതും വലുതുമായ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ പ്രധാനമായും നടന്നുവരുന്നത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസങ്ങൾക്ക് മുമ്പുതന്നെ ജില്ല, മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന് കെ.എം.സി.സിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കൺവെൻഷനുകളും നടത്തി. നിർജീവമായിരുന്ന പല കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് പ്രവർത്തനം സജീവമാക്കി. ഒമാനിലെ പാർട്ടി പ്രവർത്തകരായ ആളുകളെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി റൂവി മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.
മുസ്ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലത്തിലേക്ക് വോട്ടുചെയ്യാൻ ആളുകളെ എത്തിക്കാൻ ഇത്തവണയും വോട്ട് വിമാനവും ഉണ്ടാകുമെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് വാണിമേൽ പറഞ്ഞു. പ്രചാരണത്തിനായി അടുത്ത ആഴ്ചയോടെ നിരവധി പ്രവർത്തകർ നാട്ടിലേക്ക് തിരിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്ത് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം ടി.എം.സി.സി പ്രവർത്തകർ യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസലോകത്തെ മുഴുവൻ കോൺഗ്രസ് അനുഭാവികളുടെയും വോട്ടുകൾ സമാഹരിക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായി ഒ.ഐ.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. കേരളത്തിലെ 20 ലോക്സഭ സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവാസലോകത്തെ മുഴുവൻ യു.ഡി.എഫ് പ്രവർത്തകരെയും ഒരുമിച്ചുചേർത്ത് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കും.
ജനാധിപത്യ ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന ഏറ്റവും വലിയ വിധിയെഴുത്താണ് വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇൻഡ്യ മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത ഉയർത്തിയുള്ള പരിപാടികളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അസ്ഥിത്വം തന്നെ ചോദ്യചെയ്യപ്പെട്ടേക്കാവുന്ന കാലഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ വളരെ ഗൗരവമായാണ് കൈരളി കാണുന്നതെന്ന് അധികൃതർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ വിജയം നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ അനിവാര്യമാണ്. കൂടാതെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കേരളം പ്രവാസികൾക്ക് നൽകുന്ന കരുതൽ നിലനിർത്താനും എൽ.ഡി.എഫ് വിജയം അനിവാര്യമാണ്. ഈ ആശയത്തിൽ ഊന്നിയാണ് പ്രവാസലോകത്തും പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
പ്രവാസികളായ പാർട്ടി പ്രവർത്തകരെ വോട്ടർ പട്ടികയിൽ പേര്ചേർക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇതിനകം പൂർത്തിയാക്കി. വോട്ട് ചെയ്യാൻ പ്രവർത്തകരെ നാട്ടിലത്തിക്കുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. നവമാധ്യമങ്ങളടക്കം ഉപയോഗിച്ച് തെരഞ്ഞെടുപ്പിലെ തങ്ങളുടെ ആശയങ്ങൾ എത്തിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈരളി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.