മജീദ്

മൂന്നരപ്പതിറ്റാണ്ടിന്‍റെ നോമ്പോർമകളിൽ മജീദ്

മസ്കത്ത്: റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പ്രാർഥനക്കെത്തുന്ന ഒട്ടുമിക്ക ആളുകൾക്കും സുപരിചിതനാണ് മജീദ്. കഴിഞ്ഞ 36 വർഷമായി ഡ്രൈവർ ജോലി ചെയ്യുന്ന പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹത്തെ അറിയാത്ത മലയാളികളും പരിസരവാസികളായ അറബികളും റൂവിയിൽ ചുരുക്കമാണ്. ഒമാനിൽ കോവിഡ് മഹാമാരി വ്യാപിച്ച കാലത്ത്, സേവന പ്രവർത്തനങ്ങളിൽപോലും ആളുകൾ അകലം പാലിച്ചപ്പോൾ ചുറ്റുമുള്ളവർക്ക് കൈത്താങ്ങായെത്തിയ കെ.എം.സി.സിയിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ രണ്ടു വർഷത്തെ പരീക്ഷണം നിറഞ്ഞ നോമ്പുകാലം ഓർത്തെടുക്കുന്നതോടൊപ്പം ഈ റമദാനിൽ തറാവീഹ് നമസ്കാരം പുനരാരംഭിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

1986ലാണ് ഏറെ പ്രതീക്ഷകളോടെ മജീദ് ഒമാനിലെത്തുന്നത്. ഒമാനിലേക്ക് വരുന്നകാലത്ത് ഇത്ര വലിയ സൂപ്പർ മാർക്കറ്റുകളോ റോഡു സൗകര്യമോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, നോമ്പിനൊക്കെ ഇന്നത്തേതിനേക്കാൾ ആളുകളുണ്ടാവുമായിരുന്നു. മത്ര സൂക്കിൽ നോമ്പു തുടങ്ങുന്നതിനുമുമ്പ് ഒമാനിലെ വിവിധ ദിക്കുകളിൽനിന്നും ആളുകളെത്തും. ഒരുവിധം വേണ്ടപ്പെട്ട സാധനങ്ങളൊക്കെ അന്നേ ലഭിക്കുന്ന സ്ഥലമാണ് മത്ര സൂക്ക്. ഒമാനികളുടെ നോമ്പ് തുടങ്ങുന്നതും പെരുന്നാൾ തുടങ്ങുന്നതുമൊക്കെ ഇവിടെയായിരുന്നു. ദൂരദിക്കുകളിൽനിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ കൂട്ടം ആളുകൾ നോമ്പുതുറക്കാനുള്ള ഭക്ഷണവുമായാണ് അന്ന് സാധനം വാങ്ങാനായി വരുക. ബാങ്ക്‌ കൊടുത്താൽ അവർ സൂഖിനരികിൽ തന്നെയിരുന്ന് നോമ്പുതുറക്കുന്നതും കാണാമായിരുന്നു. ഇന്നിതൊന്നും ഇല്ല. എന്നാലും സൂഖിൽ തിരക്കുണ്ടാവും.

കഴിഞ്ഞ രണ്ടുവർഷത്തെ റമദാൻ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരീക്ഷണം നിറഞ്ഞതായിരുന്നു. ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥ. പള്ളികൾ അടച്ചുപൂട്ടിയിരുന്നു. ഈ സമയത്താണ് മജീദ് കെ.എം.സി.സിയിൽ സജീവ പ്രവർത്തകനായി മാറുന്നത്. അന്ന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കെ.എം.സി.സി പ്രവർത്തകർ മരിച്ചയാളുകളുമായി ബന്ധപ്പെട്ട കർമങ്ങൾ ചെയ്തിരുന്നു. ചില ദിവസങ്ങളിൽ രണ്ടും മൂന്നും മരണങ്ങളുണ്ടാവും. നട്ടുച്ചനേരത്ത്, നോമ്പുനോറ്റ് ആഴത്തിലുള്ള ഖബർ മണ്ണിട്ടുമൂടുന്നതൊക്കെ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Majeed in 35 years of Ramadan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.