മസ്കത്ത്: തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് ആശ്വാസമേകാൻ ജൂൺ ഒന്നു മുതൽ നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമ പാലിക്കാൻ ബിസിനസ് ഉടമകൾ തയാറാകണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. കനത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കടുത്ത വേനൽച്ചൂടിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ചവിശ്രമ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്.
ഈ നിയന്ത്രണം പാലിക്കാൻ എല്ലാ ബിസിനസ് ഉടമകളും തയാറാകണം. നിശ്ചിത സമയങ്ങളിൽ തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. ഉച്ചവിശ്രമം നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താരതമ്യേനെ വളരെ വൈകിയാണ് രാജ്യത്ത് ചൂട് ശക്തമായിത്തുടങ്ങിയത്. ന്യൂനമർദത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ സമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഇതാണ് ചൂടിന്റെ ആഘാതം കുറക്കാൻ സഹായകകമായത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിലായത്തുകളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. ചൂട് കൂടുന്ന സഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്നും മുൻ കരുതലുകളെടുക്കണമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ചൂട് കാലം സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യത്തിൽ ഏറെ ശുചിത്വം പാലിക്കണം.
കിഡ്നി രോഗമുള്ളവർ, കല്ലിന്റെ അസുഖമുള്ളവർ എന്നിവർ നല്ല അളവിൽ വെള്ളം കുടിക്കണം. ചൂട് കാലത്ത് പുറം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ വെള്ളം ധാരാളം കുടിക്കുകയും രക്തസമ്മർദമടക്കമുള്ള അസുഖമില്ലാത്തവരാണെങ്കിൽ ഉപ്പും നാരങ്ങയും ചേർത്ത വെള്ളവും ഉപയോഗിക്കണം. കാർബോ ഹൈഡ്രേറ്റ് പാനീയങ്ങൾ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.