വൈ​ക്കി​ങ്​ മാ​ർ​സ് ക്രൂ​സ്​ ക​പ്പ​ൽ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി​യ​പ്പോ​ൾ

ശൈത്യകാല സീസൺ :സലാലയിൽ 30ലധികം ക്രൂസുകൾ എത്തും

മസ്കത്ത്: സലാല തുറമുഖത്ത് ഈ ശൈത്യകാല സീസണിൽ 30ലധികം ക്രൂസുകൾ എത്തിച്ചേരുമെന്ന് ദോഫാറിലെ ടൂറിസം മാർക്കറ്റ് ഡിപ്പാർട്മെന്റ് മേധാവി അഹമ്മദ് അബ്ദുല്ല ഷമ്മാസ് പറഞ്ഞു. ഇതുവരെ രണ്ടു കപ്പലുകളാണ് എത്തിയിട്ടുള്ളത്. ചൊവ്വാഴ്ച 881 വിനോദസഞ്ചാരികൾ ഉൾപ്പെടെ 1,332 യാത്രക്കാരുമായി വൈക്കിങ് മാർസ് എത്തി. ഒക്ടോബർ 21ന് 1,651 വിനോദസഞ്ചാരികളുമായി 'ക്വീൻ എലിസബത്ത്' തീരം തൊട്ടിരുന്നു. ആഗോളതലത്തിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദോഫാറെന്ന് ഷമ്മാസ് പറഞ്ഞു. അതിനാൽ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോർഡൻ തുറമുഖമായ അഖബയിൽനിന്നാണ് വൈക്കിങ് മാർസ് കപ്പൽ എത്തിയിട്ടുള്ളത്. സലാലയിലെ പര്യടനത്തിനുശേഷം സുൽത്താൻ ഖാബൂസ് തുറമുഖത്തും നങ്കൂരമിടും.

സഞ്ചാരികൾ വരും ദിവസങ്ങളിൽ ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, ചരിത്രപരമായ സ്ഥലങ്ങൾ, സലാലയിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ എന്നിവ സന്ദർശിക്കും. വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച് മന്ത്രാലയം നടത്തുന്ന പ്രമോഷന്‍റെ ഭാഗമായി ക്രൂസ് മേഖലയിൽ വളർച്ചയും ഉണർവുമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റിലെ പ്രമോഷൻ ഡിപ്പാർട്മെന്റ് അസി. ഡയറക്ടർ അബ്ദുല്ല ബിൻ ഒമർ അൽ-സബ്ബ പറഞ്ഞു.

രാജ്യത്തെ ഈ സീസണിലെ ക്രൂസ് സീസണിന് തുടക്കം കുറിച്ച് ദിവസങ്ങൾക്കു മുമ്പ് കപ്പൽ തീരം തൊട്ടിരുന്നു. 2230 ആളുകളുമായി ജർമൻ ക്രൂസ് കപ്പൽ മെയ്ൻ ഷിഫ്-6 ആണ് സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ എത്തിയത്. ഓരോ തുറമുഖത്തും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്. സഞ്ചാരികളെ വരവേൽക്കാൻ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകൾ മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഈ മാസം സംഹാര ആർക്കിയോളജിക്കൽ പാർക്കിൽ ഫ്രാങ്കിൻസൺ സീസൺ പരിപാടിയും 2023 ജനുവരിയിൽ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പും നടക്കും. ശൈത്യകാല ടൂറിസത്തിന്‍റെ മുന്നോടിയായി ദോഫാറിൽ വിമാനം വഴി യൂറോപ്പിൽനിന്നുള്ള വിനോദസഞ്ചാരികൾ ദിവസങ്ങൾക്കു മുമ്പ് എത്തിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ, റുമേനിയ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് എത്തിയിട്ടുള്ളത്. അതേസമയം, കൂടുതൽ ക്രൂസ് കപ്പലുകൾ അടുത്ത മാസങ്ങളിലായി സുൽത്താനേറ്റിന്‍റെ തീരം തൊടും. ഒമാനിലെത്തുന്ന കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടും. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആകെ 6,60,295 വിനോദസഞ്ചാരികളുമായി 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ ഇവിടെ 66 ക്രൂസ് കപ്പലുകളാണ് വന്നത്. 

Tags:    
News Summary - More than 30 cruises will arrive in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.