മസ്കത്ത് നഗരത്തിലെ റോഡുകളിലൊന്ന്
മസ്കത്ത്: കുരുക്ക് കുറക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ തന്ത്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘മസ്കത്ത് ഏരിയ ട്രാഫിക് പഠന’ത്തിന്റെ മൂന്നാം പതിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. റോഡ് ശൃംഖലയുടെ പ്രകടനം നിരീക്ഷിക്കുന്നതിനും നിലവിലുള്ള ഗതാഗത വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായാണ് സമഗ്ര പഠനങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര കൺസൾട്ടിങ് സ്ഥാപനമായ ദാർ അൽ-ഹന്ദസയാണ് പഠനം നടത്തുക. 433 ദിവസം നീളുന്നതായിരിക്കും ഈ പഠനം.
മസ്കത്തിലെ ഗതാഗത സംവിധാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിശകലനം ഈ വിപുലമായ പഠനത്തിൽ ഉൾപ്പെടും.
നിലവിലെ ഗതാഗത സാഹചര്യങ്ങൾ നിരീക്ഷിക്കുക, വിലയിരുത്തുക, നഗര വികാസവും സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട ഗതാഗതം സൃഷ്ടിക്കുന്ന മേഖലകൾ വിലയിരുത്തുക, തിരക്കേറിയ പോയന്റുകൾ തിരിച്ചറിയുകയും ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുക, തിരക്ക് കുറക്കന്നതിന് ഹ്രസ്വ, ഇടത്തരം, ദീർഘകാല വികസന പദ്ധതികളിലേക്ക് ഗതാഗത പരിഹാരങ്ങൾ സംയോജിപ്പിക്കുക എന്നിവയാണ് പഠനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യക്കനുസൃതായ ഗതാഗത മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും സുഗമവും കാര്യക്ഷമവുമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.