മസ്കത്ത്: വാഹനങ്ങൾ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും ഉപേക്ഷിച്ച് പോകുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നഗര സൗന്ദര്യത്തിന് കോട്ടംതട്ടുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ നടപടിയുമായി നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിന്റെ നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്. വാഹനങ്ങൾ കൂടുതൽ ദിവസം പൊതു നിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്നതിനാൽ റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ദൈനംദിന പാതയിലോ പാർപ്പിട പരിസരങ്ങളുടെ പ്രവേശന കവാടങ്ങളിലോ ഇങ്ങനെ വാഹനം ഉപേക്ഷിച്ച് പോകുന്നതിനാൽ ഗതാഗതതടസ്സവും ഉണ്ടാകുന്നുണ്ട്. ഇങ്ങനെ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
15 അല്ലെങ്കിൽ അതിൽ താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200ഉം 15ലധികം യാത്രക്കാർ, ലോക്കോമോട്ടീവുകൾ, ട്രയിലറുകൾ, ട്രാക്ടറുകൾ, ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ രൂപകൽപന ചെയ്ത ട്രക്കുകൾക്കും ബസുകൾക്കും 400ഉം റിയാൽ പിഴ ഈടാക്കും. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാവുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാലും പിഴ ചുമത്തും.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റി ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് നടപടി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ബൗഷറിലാണ്. 42 വാഹനങ്ങളാണ് ഇവിടെനിന്ന് നീക്കംചെയ്തത്. സീബിൽനിന്ന് 17 കാറുകളും എടുത്തുകൊണ്ടുപോയി. ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് നോട്ടീസുകൾ നൽകിയിരുന്നു. എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.