മസ്കത്ത്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച മുവാസലാത്തിന്റെ യു.എ.ഇ സർവിസുകൾ പുനരാരംഭിക്കുന്നത് യാത്രാദുരിതം കുറക്കാൻ സഹായിക്കും. ഒക്ടോബർ ഒന്നു മുതൽ മസ്കത്തിൽനിന്ന് അൽഐൻ വഴി അബൂദബിയിലേക്കാണ് മുവാസലാത്ത് സർവിസുകൾ നടത്തുക. ഇതോടെ ഈ സെക്ടറിലെ ബസുകളിലെ തിരക്ക് കുറയുകയും യാത്രാദുരിതം ഒരു പരിധിവരെ ശമിക്കുകയും ചെയ്യും. മസ്കത്തിൽനിന്ന് മുവാസലാത്ത് വൺവേക്ക് 11.500 റിയാലാണ് ഈടാക്കുന്നത്. അസൈബയിൽനിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്കുമുമ്പ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽഐനിലും 3.40ന് അബൂദബിയിലും എത്തും. രാവിലെ 10.40ന് അബൂദബിയിൽനിന്ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കത്തിലെത്തും. യാത്രക്കാർക്ക് 23 കിലോ ലഗേജും ഏഴു കിലോ ഹാൻഡ് ബാഗും കൊണ്ടുപോവാൻ കഴിയും. നിലവിൽ മസ്കത്തിൽനിന്ന് ബസുകളിൽ യു.എ.ഇയിലേക്ക് പോവുന്നവരും തിരിച്ച് യാത്ര ചെയ്യുന്നവരും ടിക്കറ്റ് ലഭിക്കാത്തതിനാൽ വൻ പ്രയാസമാണ് നേരിടുന്നത്.
ഇപ്പോൾ മസ്കത്തിൽനിന്ന് യു.എ.ഇയിലേക്ക് സ്വകാര്യ ബസ് സർവിസ് നടത്തുന്നുണ്ട്. നിലവിൽ ദിവസവും മൂന്നു സർവിസുകളാണ് ഈ കമ്പനി നടത്തുന്നത്. റൂവിയിൽനിന്ന് രാവിലെ ആറ്, ഉച്ചക്ക് 2.30, രാത്രി ഒമ്പത് എന്നിങ്ങനെയാണ് സ്വകാര്യ ബസ് കമ്പനിയുടെ സമയം. എന്നാൽ, തിരക്ക് കാരണം പലപ്പോഴും നാലും അഞ്ചും ദിവസം കഴിഞ്ഞാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇത് മസ്കത്തിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
യു.എ.ഇ.യിൽ വിസ മാറുന്നതിന് രാജ്യം വിട്ട് പുറത്തുപോകണമെന്ന നിയമമാണ് ഈ റൂട്ടിൽ തിരക്ക് വർധിക്കാൻ പ്രധാന കാരണം. ഇത്തരക്കാർക്ക് കുറഞ്ഞ ചെലവിൽ എത്തിപ്പെടാൻ ഏറ്റവും പറ്റിയ സ്ഥലം ഒമാനാണ്. യാത്ര തരപ്പെടുത്തി കൊടുക്കാനും ഒമാനിൽ താമസ സൗകര്യമൊരുക്കാനും നിരവധി ഏജൻസികളും രംഗത്തുണ്ട്. ഇതോടെ കഴിഞ്ഞ കുറെ കാലമായി ഒമാൻ-യു.എ.ഇ ബസുകളിൽ സീറ്റുകൾ ഫുള്ളാണ്. ഇത് മസ്കത്തിൽനിന്ന് യു.എ.ഇയിലേക്ക് പോകുന്നവരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്.
എന്നാൽ, സ്വകാര്യ ബസ് കമ്പനികൾ യു.എ.ഇയിലേക്ക് നിലവിൽ മുവാസലാത്തിനേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. വൺവേക്ക് 10 റിയാലാണ് ഇവരുടെ നിരക്ക്. കോവിഡ് പ്രതിസന്ധിക്കു മുമ്പ് ഈ കമ്പനികൾ യു.എ.ഇയിലേക്ക് വൺവേക്ക് ആറു റിയാലായിരുന്നു ഈടാക്കിയിരുന്നത്. കോവിഡ് സമയത്ത് ഇടയിൽ സീറ്റുകൾ ഒഴിച്ചിടേണ്ടതിനാൽ നിരക്ക് പത്തു റിയാലായി ഉയർത്തുകയായിരുന്നു.
അക്കാലത്ത് പകുതി പേർക്ക് മാത്രമായിരുന്നു ബസിൽ യാത്ര അനുവാദം ഉണ്ടായിരുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയിട്ടും ബസിൽ മുഴുവൻ സീറ്റിലും യാത്ര അനുവാദം നൽകിയിട്ടും നിരക്കുകൾ കുറക്കാൻ ബസ് കമ്പനികൾ തയാറായിട്ടില്ല.
ഈ മേഖലയിൽ കൂടുതൽ ബസുകൾ സർവിസ് നടത്താത്തതാണ് ടിക്കറ്റ് നിരക്കുകൾ കുറയാതിരിക്കാൻ പ്രധാന കാരണമെന്ന് യാത്രക്കാർ പറയുന്നു.
നിലവിൽ ബസ് സർവിസുകൾ കുറഞ്ഞത് അവധിക്കാല യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുമൂലം പെരുന്നാൾ അവധി, ദേശീയദിന അവധി തുടങ്ങിയ സീസണിൽ വൻ തിരക്കാണ് ബസുകളിൽ അനുഭവപ്പെടുന്നത്.
ബസിലെ തിരക്ക് ഒഴിവാക്കാൻ ടാക്സിയിലും മറ്റുമായി അതിർത്തി കടക്കുന്നവരും നിരവധിയാണ്. അതിനാൽ യു.എ.ഇയിലേക്ക് കൂടുതൽ സർവിസ് നടത്തണമെന്നും ദുബൈ സർവിസുകൾ പുനരാരംഭിക്കണമെന്നും യാത്രക്കാരും ട്രാവൽ ഏജൻസികളും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.