മസ്കത്ത്: രാജ്യത്തെ പ്രസിദ്ധമായ ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിലേക്ക് (അൽ ഹംറ വിലായത്ത്) പുതിയ റോഡ് നിർമിക്കാനായി അധികൃതർ ഒരുങ്ങുന്നു. സൂപ്പർവിഷൻ കൺസൾട്ടൻസി സേവനങ്ങൾക്കായി ഗതാഗത ആശയവിനിമയ വിവര സങ്കേതിക മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ഒന്നംഘട്ടത്തിൽ 26.2 കി. മീറ്ററും രണ്ടാം ഘട്ടത്തിൽ 6.1 കി. മീറ്ററുമാണ് നിർമാണത്തിൽ വരുന്നത്. ടെൻഡർ ലഭിക്കുന്നവർ മൂന്നാം ഘട്ടത്തിൽ വരുന്ന (ഏകദേശം 17 കി.മീ), വാഡി ദാം റോഡ് (10 കി.മീ) എന്നിവയുടെ ഡിസൈൻ അവലോകനം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.
ടെൻഡർ രേഖ വാങ്ങാനുള്ള അവസാന തീയതി ഡിസംബർ മൂന്ന് ആണ്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നാണ് ജബൽ ശംസ്. താപനില കുറയുന്നതോടെ കൊടും തണുപ്പ് ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ജബൽ ശംസിലേക്ക് ഒഴുകുക.
സമുദ്ര നിരപ്പിൽനിന്ന് 3,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ. ഈ സീസണിലാണ് വിനോദ സഞ്ചാരികളെത്തുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജബൽ ശംസിൽ തണുപ്പ് വർധിക്കുക. ഇതോടെ കുന്നിൻ ചരിവുകളിലും വഴിയോരങ്ങളിലും മഞ്ഞുകട്ടകൾ നിറയും. ക്യാമ്പിങ്ങിന് അറിയപ്പെടുന്ന സ്ഥലം കൂടിയാണ് ജബൽ ശംസ്. യൂറോപ്യന്മാരാണ് ജബൽ ശംസിലെ കാലാവസ്ഥ ഏറെ ആസ്വദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.