മസ്കത്ത്: മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവയുൾപ്പെടെ പ്രധാന തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ ഒമാനെ പ്രധാന യാത്രാ കേന്ദ്രമായി പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പൈതൃക-ടൂറിസം മന്ത്രാലയം. ഇതിനായി സിംഗപ്പൂരിൽ ഒരു പ്രതിനിധി ഓഫീസ് സ്ഥാപിക്കും. നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമെന്ന നിലയിൽ ഒമാന്റെ ദൃശ്യപരത വർധിപ്പിക്കാനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും മേഖലയിൽനിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്റെ വിപണന തന്ത്രം നടപ്പാക്കുന്നതിൽ നിയുക്ത പ്രതിനിധി നിർണായക പങ്ക് വഹിക്കും. ബിസിനസ് ബന്ധങ്ങൾ വികസിപ്പിക്കുക, ഒമാന്റെ വൈവിധ്യമാർന്ന ഓഫറുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, മീറ്റിങ്ങുകൾ, പ്രോത്സാഹനങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവക്കായുള്ള മികച്ച തിരഞ്ഞെടുപ്പായി രാജ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര വ്യാപാര പങ്കാളികളുമായി സഹ-വിപണന കരാറുകൾ വളർത്തിയെടുക്കുന്നതിനും ഒമാന്റെ തനതായ ആകർഷണങ്ങളെക്കുറിച്ച് വ്യവസായ പങ്കാളികളെ ബോധവത്കരിക്കുന്നതിനും വ്യാപാര പരിപാടികളിലെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുത്ത സ്ഥാപനവുമായി മന്ത്രാലയം ടെൻഡർ പുറപ്പെടുവിച്ചു.
ഉൽപന്ന ഓഫറുകൾ വിപുലീകരിക്കുന്നതിനും പുതിയ വിപണി സെഗ്മെന്റുകളിൽ എത്തുന്നതിനും ഒമാനും തെക്കുകിഴക്കൻ ഏഷ്യൻ ടൂറിസം മേഖലകളും തമ്മിലുള്ള ശക്തമായ സഹകരണം പൈതൃക ടൂറിസം മന്ത്രാലയം വിഭാവനം ചെയ്യുന്നു. ഒമാനെ ഒരു പ്രധാന യാത്രാ കേന്ദ്രമായി സ്ഥാപിക്കുന്നതിന് മാധ്യമ ബന്ധങ്ങളും പ്രയോജനപ്പെടുത്തും. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകളിലുടനീളമുള്ള കവറേജിനായി പത്രപ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, ബ്ലോഗർമാർ എന്നിവരെ ഇതിനായി ഉപയോഗിക്കും. മീറ്റിങ്ങുകൾ, പ്രോത്സാഹനങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിങ്ങനെയുള്ള ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഒമാന്റെ സാധ്യതകൾ കമ്പനി ഉയർത്തിക്കാട്ടുകയും ഈ വിപണികളിൽ അതിന്റെ ടൂറിസം പ്രതിച്ഛായയെ ബാധിക്കുന്ന ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയും ചെയ്യും. നിയുക്ത സ്ഥാപനം മന്ത്രാലയത്തിന്റെ വാർഷിക ടൂറിസം തന്ത്രവുമായി പൊരുത്തപ്പെടുന്നതിന് അതിന്റെ പ്രവർത്തനങ്ങളെയും ഫലങ്ങളെയും കുറിച്ച് പതിവായി റിപ്പോർട്ട് ചെയ്യും.
ബിസിനസ് വികസനം, വ്യാപാര വിപണനം, മാധ്യമ ബന്ധങ്ങൾ എന്നിവക്കുള്ള അവരുടെ പദ്ധതികൾ വിശദമാക്കുന്ന നിർദേശങ്ങൾ സമർപ്പിക്കാൻ താൽപ്പര്യമുള്ള കമ്പനികളെ ക്ഷണിച്ചു. മത്സരാധിഷ്ഠിത തെക്കുകിഴക്കൻ ഏഷ്യൻ ടൂറിസം വിപണിയിൽ ഒമാന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനും ഫലപ്രദമായ ഫലങ്ങൾ നൽകുന്നതിനുമുള്ള അവരുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.