മസ്കത്ത്: അന്താരാഷ്ട്ര വിപണിയിൽ ഒമാൻ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. ദുബൈ മർകൈന്റൽ എക്സ്ചേഞ്ചിൽ മേയ് മാസം വിതരണം ചെയ്യേണ്ട എണ്ണക്ക് 100.85 ഡോളറായിരുന്നു ചൊവ്വാഴ്ച എണ്ണ വില. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയാണ് എണ്ണ വില കുത്തനെ ഉയരാൻ പ്രധാന കാരണം. അസംസ്കൃത എണ്ണ വില അന്താഷ്ട്ര മാർക്കറ്റിൽ 105 ഡോളർ വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, എണ്ണ വില 110 ഡോളർ കടക്കാനിടയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിക്കുകയും ജനീവയിൽ നടക്കുന്ന ഇറാൻ ആണവകരാർ ചർച്ച വിജയത്തിലെത്തുകയും ചെയ്താൽ വില താഴേക്ക് വരും. യുക്രെയ്ൻ-റഷ്യ പ്രശ്നം അനുരഞ്ജനത്തിലെത്തുന്നതും എണ്ണ വില കുറക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ദിവസവും ആറര ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ രണ്ട് ദശലക്ഷം ബാരൽ എണ്ണ ചൈനയിലേക്കാണ്. പ്രതിസന്ധി കാരണം ചൈനയിലേക്കുള്ള കയറ്റുമതി ഒന്നര ദശലക്ഷം ബാരൽ വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂന്ന് ദശലക്ഷം ബാരലായി കുറഞ്ഞു. ഇത് കാരണം വിവിധ രാജ്യങ്ങൾക്ക് ദിവസവും ഒന്നര ദശലക്ഷം ബാരലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഈ കുറവാണ് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില വർധിക്കാൻ പ്രധാന കാരണം. എണ്ണ വില വർധനയും പ്രതിസന്ധിയും ഒഴിവാക്കാൻ ഈ ആഴ്ചയിൽ രണ്ട് തവണ അന്താരാഷ്ട്ര ഊർജ ഏജൻസി ഡയറക്ടർ ഒപെക് നോതാക്കളുമായി ബന്ധപ്പെടുകയും ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ഒപെക് രാജ്യങ്ങളിൽ നിന്ന് പ്രതികരണം വന്നിട്ടില്ല. ബുധനാഴ്ച ഒപെക് രാജ്യ നേതാക്കൾ യോഗം ചേരുന്നുണ്ട്. യോഗത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനമുണ്ടായാൽ വില കുറയും. അതിനിടെ റഷ്യക്കെതിരെ യൂറോപ്യൻ രാജ്യങ്ങളും മറ്റും ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധവും എണ്ണ വിതരണം തടസ്സപ്പെടാൻ കാരണമാവും. നിലവിൽ അന്താരാഷ്ട്ര പണ കൈമാറ്റ സ്ഥാപനമായ 'സ്വിഫ്റ്റ് ' റഷ്യൻ ബാങ്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. ലോകത്തിലെ 11,000 സാമ്പത്തിക സ്ഥാപനങ്ങൾ അംഗങ്ങളായ സ്വിഫ്റ്റിൽനിന്ന് റഷ്യൻ ബാങ്കുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര തലത്തിലുള്ള പണ വിനിമയങ്ങൾക്ക് വലിയ തടസ്സമാവും. ലോകരാജ്യങ്ങൾക്ക് എണ്ണ അടക്കമുള്ളവയുടെ ഇടപാടുകൾ പ്രയാസകരമാവും. ബി.പി, ഷെൽ തുടങ്ങിയ എണ്ണ വ്യാപാര സ്ഥാപനങ്ങൾ റഷ്യ ഒഴിവാക്കാനും പ്രധാന കാരണം ഇതാണ്. സ്വിഫ്റ്റ് ഉപരോധം കൊണ്ട് മാത്രം റഷ്യക്ക് അഞ്ച് ശതമാനം സാമ്പത്തിക മുരടിപ്പുണ്ടാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സാമ്പത്തിക കൈമാറ്റത്തിലെ പ്രതിസന്ധികൾ പരിഗണിച്ച് മറ്റ് സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും റഷ്യയെ ഒഴിവാക്കും. എണ്ണ വില വർധിക്കുന്നത് ഒമാനും മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങൾക്കും വലിയ സാമ്പത്തിക വളർച്ചയുണ്ടാക്കും. ബജറ്റിലെ സാമ്പത്തിക കമ്മി കുറയാനും നിരവധി വികസന പദ്ധതികൾക്ക് തുടക്കമിടാനും കഴിയും. ബാരലിന് 50 ഡോളർ വില കണക്കാക്കിയാണ് ഒമാൻ ബജറ്റ് തയാറാക്കിയിരിക്കുന്നത്. എണ്ണവില ഇപ്പോൾ ബജറ്റിൽ കണക്കാക്കിയതിന്റെ ഇരട്ടിയും കടന്നിരിക്കുന്നു. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വില വർധന വൻ തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.