ഒമാൻ ബൊട്ടാണിക് ഗാർഡന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മസ്കത്ത്മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി സ്ഥലം സന്ദർശിച്ചപ്പോൾ
മസ്കത്ത്: നിർമാണം അന്തിമഘട്ടത്തലെത്തിയിരിക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡൻ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി സന്ദർശിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനുമായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഒമാനിലെ സവിശേഷമായ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ബൊട്ടാണിക് ഗാർഡനിലെ സ്പെഷ്യലിസ്റ്റുകൾ അൽ ഹുമൈദിയോട് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഉദ്യാനം നൽകുന്ന ശ്രദ്ധേയമായ സംഭാവനകൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. '
ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനത്തിലേറെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഈ വർഷംതന്നെ നാടിന് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. റോയൽ ഓപറ ഹൗസ് മസ്കത്ത്, ഒമാൻ എക്രോസ് ഏജസ് മ്യൂസിയം, നാഷനൽ മ്യൂസിയം എന്നിവ പോലെ ഒമാൻ ബൊട്ടാണിക് ഗാർഡനും രാജ്യത്തെ നാഴികക്കല്ലായി മാറുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്. ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനഃരുപയോഗ ഊർജ കേന്ദ്രം, പരിസ്ഥിതി കേന്ദ്രം, സന്ദർശക കേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ച് മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാക്കും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന്റെ നിർമാണവും പൂർത്തിയായി. ഹാജർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലയത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി, കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ സീസണിലും സന്ദർശകരെത്തുന്ന ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബൊട്ടാണിക് ഗാർഡൻ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.