കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു ആഘോഷിക്കും. കടൽ കടന്നെത്തിയ കണിക്കൊന്നയും കണിവെള്ളരിയുമെല്ലാം ഒരുക്കി നല്ല നാളെയുടെ സ്വപ്നങ്ങൾ കണ്ട് മലയാളി
പ്രവാസികളും വിഷു ആഘോഷത്തിലാണ് (ചിത്രം ലജീഷ് ചെറിയത്ത്)
മസ്കത്ത്: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ഒമാനിലെ മലയാളികൾ തിങ്കളാഴ്ച ആഘോഷിക്കും. വിഷുദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപ്പൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് വിഷു പ്രവൃത്തി ദിവസമായിരിക്കും. കുടുംബമായി കഴിയുന്നവർ കുടുംബത്തോടൊപ്പവും ഒറ്റക്ക് താമസിക്കുന്നവർ കൂട്ടായി ചേർന്നും ആഘോഷങ്ങൾ നടത്തും. കുടുംബങ്ങളും ഒറ്റക്ക് താമസിക്കുന്നവരും പരമ്പരാഗത രീതിയിൽ തന്നെയാണ് വിഷു ആഘോഷിക്കുന്നത്.
കണികണ്ടുണരാൻ കണിവിഭവങ്ങളും നിരന്നുകഴിഞ്ഞു. വിഷുസദ്യ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് കുടുംബങ്ങൾ. പുതുവസ്ത്രങ്ങൾ ഉടുത്ത് കുട്ടികൾ വിഷുക്കൈനീട്ടത്തിനായി കാത്തിരിക്കും.
നിരവധി കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുവിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്. വിഷുക്കണി വിഭവങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തേ എത്തിയിരുന്നു. കണിവെള്ളരിയും, മാങ്ങയും കൊന്നയും അടക്കമുള്ള വിഷു വിഭവങ്ങൾ വാങ്ങാൻ വാരാന്ത്യദിനങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിൽനിന്ന് വിഷു വിഭവങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ഇന്നലെ കണിക്കൊന്നപ്പൂക്കൾ കൂടി എത്തിയതോടെ വിഷു വിഭവങ്ങൾ പൂർണമായി. പല ഹൈപ്പർ മാർക്കറ്റുകളും ഹോട്ടലുകളും വിഷുസദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനായി നേരത്തേ തന്നെ ബുക്കിങ് തുടങ്ങിയിരുന്നു. സദ്യക്കിറ്റുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്നതായി ഹൈപ്പർ മാർക്കറ്റുമായി ബന്ധപ്പെട്ടവർ പറയുന്നു. വിഷു ഓഫറുകൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. വിഷു ഉൽപന്നങ്ങൾക്കെല്ലാം പല വ്യാപാര സ്ഥാപനങ്ങളും ഓഫറുകൾ നൽകിയിരുന്നു. വിഷുവിന്റെ ഭാഗമായി പച്ചക്കറി ഇനങ്ങളും ധാരാളമായി എത്തിയിരുന്നു. ഒമാനിലെ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച സന്ദർശകത്തിരക്ക് അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.