മസ്കത്ത്: ഗസ്സ മുനമ്പിൽ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന തുടർച്ചയായ ആക്രമണത്തിൽ അപലപിച്ച് ഒമാൻ. ഗസ്സ നഗരത്തിലെ വടക്കുകിഴക്കൻ തുഫ ജില്ലയിലെ ദാർ അൽ-അർഖം സ്കൂളുമായി ബന്ധപ്പെട്ട ഷെൽട്ടർ സെന്ററിനു നേരെ ബോംബാക്രമണം നടത്തിയതും, സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ മെഡിക്കൽ, ദുരിതാശ്വാസ സാമഗ്രികൾ സൂക്ഷിച്ചിരുന്ന വെയർഹൗസ് നശിപ്പിച്ചതും ഉൾപ്പെടെയുള്ള ആക്രമണത്തിലാണ് സുൽത്താനേറ്റ് ശക്തമായി അപലപിച്ചത്.
ഫലസ്തീൻ ജനതക്ക് നീതി നേടിയെടുക്കുന്നതിനും അവരുടെ ഭൂമിയിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിച്ച് നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നതിനു നിർണായക നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗൺസിലിനോടും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര സ്ഥാപിക്കണമെന്നും സുൽത്താനേറ്റ് ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സ മുനമ്പിൽ നരനായാട്ട് തുടരുന്ന ഇസ്രായേൽ, സ്കൂളിന് മുകളിൽ ബോംബിട്ടതിനെത്തുടർന്ന് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേർ കൊല്ലപ്പെട്ടു. മേഖലയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ഗസ്സ സിറ്റിയിലെ തൂഫയിൽ ഇസ്രായേൽ ആക്രമണം. 14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുൽ വാഹിദ് അറിയിച്ചു. 70 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ട്.
ഹമാസിന്റെ കമാൻഡ്, കൺട്രോൾ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം ന്യായീകരിച്ചു. വ്യാഴാഴ്ച മുതൽ ഗസ്സ മുനമ്പിലുടനീളം നടത്തിയ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 കവിഞ്ഞു. ഷിജയയിൽ വീടുകൾക്കുമേൽ ബോംബിട്ടതിനെത്തുടർന്ന് 30ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അഹ്ലി ആശുപത്രിയുടെ കണക്ക്. തെക്ക്, പടിഞ്ഞാറൻ ഗസ്സയിലേക്ക് ഒഴിഞ്ഞുപോയില്ലെങ്കിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് ഇസ്രായേൽ സേന വടക്കൻ ഗസ്സയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കൂട്ടക്കൊല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.