മസ്കത്ത്: രാജ്യത്തിന്റെ ആരോഗ്യമേളക്ക് കരുത്തുപകർന്ന് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടി സയ്യിദ് ഖാലിദ് ഹമദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കണക്ടാണ് ഹെൽത്ത് എക്സിബിഷൻ ഒരുക്കുന്നത്. ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 160ലധികം പ്രദർശകരാണ് തങ്ങളുടെ സേവനങ്ങളും ഉൽപന്നങ്ങളുമായി പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ആധുനിക ചികിത്സാരംഗത്തെ നൂതന രീതികൾ ഒമാനി സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതിന് മേള സഹായകമാകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ (പി.എ.ഡി.സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് സെന്റർ (ഡി.ജി.ക്യു.എ.സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് എന്നിവയുടെ പിന്തുണയോടെയാണ് മേള നടക്കുന്നത്. ആരോഗ്യസ്ഥാപനങ്ങൾ, മരുന്നുനിർമാണ കമ്പനികൾ, ആരോഗ്യസുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് മേളയിൽ പങ്കെടുക്കുന്നത്. മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ട്.
ആരോഗ്യസംരക്ഷണം, ആധുനിക വൈദ്യശാസ്ത്രം, നിക്ഷേപതന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. രോഗികളുടെ ഇടപഴകലും കമ്യൂണിറ്റി പങ്കാളിത്തവും കേന്ദ്രീകരിച്ച് പരിപാടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച ലോക രോഗിസുരക്ഷ ദിനമായി ആചരിക്കും. മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി സുൽത്താനേറ്റിനെ മാറ്റുന്നതിനുള്ള പങ്ക് അടിവരയിടുന്നതാണ് മേള.
വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾ, മരുന്നുനിർമാണ കമ്പനികൾ, ആരോഗ്യസുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്നവയിലെയും ഉദ്യോഗസ്ഥരുമായും മറ്റും ആശയവിനിമയത്തിനുള്ള വേദിയായിരിക്കും മേള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.