മസ്കത്ത്: ഹംഗറി നാഷനൽ അസംബ്ലി സ്പീക്കർ ഡോ. ലാസ്ലോ കോവറി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.
മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹാഷിൽ അൽ മുസൽഹി, ഒമാനിലെ ഹംഗറി അംബാസഡർ ബർണബാസ് ഫോഡോർ, ഇരുഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായും ഡോ. ലാസ്ലോ കോവറി കൂടിക്കാഴ്ച നടത്തി.
സംയുക്ത താൽപര്യം സംരക്ഷിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണത്തെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും വിശകലനം ചെയ്തു. യോഗത്തിൽ ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മവാലി പങ്കെടുത്തു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ മുഹമ്മദ് അൽ ഹാർത്തി, അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് നാസിർ അൽ വാഹിബി, ഒമാനിലെ ഹംഗറി അംബാസഡർ ബർണബാസ് ഫോഡോർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.