മസ്കത്ത്: അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച മുന്നേറ്റവുമായി സുൽത്താനേറ്റ്. ആരോഗ്യ മന്ത്രാലയം നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തിയതോടെയാണ് രാജ്യത്ത് ശസ്ത്രക്രിയകൾ കാര്യക്ഷമമായത്.
കഴിഞ്ഞ വർഷംമുതൽ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് നെഫ്രോളജിസ്റ്റും ഓർഗൻ ട്രാൻസ്പ്ലാൻറ് തലവയുമായ ഡോ. നൈഫൈൻ അൽ കൽബാനി പറഞ്ഞു.
വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾ തകരാറിലായവരുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി ദാതാക്കളെ ആവശ്യമുള്ളവരുടെ പട്ടിക മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. 1988ൽ പദ്ധതിയുടെ തുടക്കംമുതൽ ഇതുവരെ ഏകദേശം 350 അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിൽ 317 വൃക്ക മാറ്റിവെക്കലും 17 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായിരുന്നുവെന്ന് ഡോ. നൈഫൈൻ പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് അവയവമാറ്റ ശസ്ത്രക്രിയ. ഹൃദയം, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളുടെ തകരാറുകളോ പരാജയങ്ങളോ മാറ്റിവെക്കലിലൂടെ സുഖപ്പെടുത്താവുന്നതാണ്. നിലവിൽ വൃക്കസംബന്ധമായ തകരാറുള്ള ഏകദേശം 2500 രോഗികൾ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. ഒരാളുടെ ജീവൻ രക്ഷിക്കാൻ തന്റെ വൃക്കയോ കരളിന്റെ ഭാഗമോ സുരക്ഷിതമായി ദാനംചെയ്യാൻ കഴിയുമെന്നത് പലർക്കും അറിയാൻ കഴിയാത്ത കാര്യമാണെന്ന് ഡോ. നൈഫൈൻ പറഞ്ഞു. അതേസമയം, ഹൃദയം, പാൻക്രിയാസ്, ചെറുകുടൽ, ശ്വാസകോശം എന്നിവ ഉൾപ്പെടെയുള്ള ചില അവയവങ്ങൾ മരണശേഷം മാത്രമേ ദാനം ചെയ്യാൻ കഴിയൂ. റോയൽ ഹോസ്പിറ്റലിൽ 2017ൽ ആണ് കരൾ മാറ്റിവെക്കൽ തുടങ്ങിയത്.
അവയവ മാറ്റിവെക്കൽ വകുപ്പ് 2019ലുമാണ് സ്ഥാപിച്ചത്. 2021ൽ അഞ്ച് വയസ്സുള്ള കുട്ടിക്ക് ആദ്യത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി. നിലവിൽ, മുതിർന്നവർക്കും കുട്ടികൾക്കും വൃക്കകളും കരളും മാറ്റിവെക്കാൻ സുൽത്താനേറ്റ് അനുവദിക്കുന്നുണ്ടെന്നും ഡോ. നൈഫൈൻ അൽ കൽബാനി പറഞ്ഞു.
അതേസമയം, അവയവദാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനുമായി സഹകരിച്ച് കാമ്പയിനും നടത്തുന്നുണ്ട്. ഒമാനി അവയവദാന ദിനത്തോട് അനുബന്ധിച്ചായിരുന്നു കാമ്പയിന് തുടക്കമിട്ടത്. ഡിസംബർ 19നാണ് രാജ്യത്ത് അവയവദാന ദിനമായി ആചരിക്കുന്നത്.
മരണശേഷം അവയവങ്ങൾ ദാനംചെയ്യാൻ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം 7092 ആണെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ അറിയിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞവർഷം മാർച്ചിൽ ആരംഭിച്ച ‘ഷിഫ’ എന്ന അവയവമാറ്റ ശസ്ത്രക്രിയക്കായുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അവയവദാനത്തെ മാനുഷിക പ്രവർത്തനമായി ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി വിശേഷിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.