മസ്കത്ത്: ആദ്യ റോക്കറ്റ് വിക്ഷേപണം സാധ്യമായതിലൂടെ ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് സുൽത്താൻ നാട്. ഭൂമിശാസ്ത്രപരമായി ഭൂമധ്യരേഖയോട് ചേർന്നുനിൽക്കുന്ന പ്രദേശമാണ് ഒമാൻ. ഇത് കാര്യക്ഷമമായ ഉപഗ്രഹ വിക്ഷേപണത്തിന് ഏറെ അനുകൂലമാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐ.ടി) ഡയറക്ടർ ജനറലും നാഷനൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ ഇന്ധനം മാത്രം ആവശ്യമുള്ളതിനാൽ ആത്യന്തികമായി ചെലവ് കുറക്കുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഒമാനെ ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് ആകർഷകമാക്കും. ആദ്യ ഘട്ടത്തിൽ ചെറിയ ശബ്ദ റോക്കറ്റുകൾ ആയിരിക്കും വിക്ഷേപിക്കുക. ഇത്തലാക്കിന് ബഹിരാകാശ മേഖലയിൽ ശോഭനമായ ഭാവിയാണുള്ളത്. ഒമാനിൽനിന്ന് വിക്ഷേപിക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ, കുറഞ്ഞ ചെലവ്, രാഷ്ട്രീയ നിഷ്പക്ഷത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ കമ്പനികൾ തിരിച്ചറിയുന്നതോടെ ഇത്തലാക് സമ്പൂർണ ബഹിരാകാശ പോർട്ടായി മാറുമെന്നാണ് ഷോയ്ലി പറയുന്നത്.
ആഗോള നൂതന സാങ്കേതിക രംഗത്തെ വളർച്ചയോടൊപ്പം രാജ്യത്തെ നടത്താനുള്ള ഇവിടത്തെ ഭരണാധികാരികളുടെ ദീർഘ വീക്ഷണങ്ങളാണ് ബഹിരാകാശ മേഖലയിൽ അടുത്തിടെയുണ്ടായ ചടുലമായ മുന്നേറ്റങ്ങൾക്ക് സഹായകമായത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രണ്ട് ഉപഗ്രഹങ്ങളാണ് ഒമാൻ വിജയകരമായി വിക്ഷേപിച്ചത്. കാലാവസ്ഥ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങൾ, പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം എന്നിവക്കെല്ലാം സഹായമേകുന്നതാണ് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും. ബഹിരാകാശ രംഗത്തെ കുതിപ്പ് ലക്ഷ്യമാക്കി വർഷങ്ങൾക്ക് മുമ്പുതന്നെ പദ്ധതികളും ഗവഷേണങ്ങളും സുൽത്താനേറ്റ് നടത്തിവന്നിരുന്നു. വിഷൻ 2040ന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. പുതു തലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യം വെക്കുന്നതാണ് ഒമാന്റെ ബഹിരാകാശ പദ്ധതി. ഒമാന്റെ പ്രഥമ ഉപഗ്രഹം `അമാൻ 1' 2023 നവംബർ 11നാണ് വിജയകരമായി വിക്ഷേപിക്കുന്നത്. രണ്ടാമത്തെ ശ്രമത്തിലാണ് ഭ്രമണപഥത്തിലെത്തിച്ചത്. 2022ൽ ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. 2023 ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവ് കാരണം പരാജയപ്പെടുകയായിരുന്നു. ഒമാൻ ബഹിരാകാശ കമ്പനിയായ ഇറ്റ്കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുളള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. സ്പേസെക്സിന്റെ ഫാൽക്കൻ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയയിലെ വിക്ഷേപിണിയിൽ നിന്നാണ് പറന്നുയർന്നത്.
അമാൻ-1 പകർത്തിയ സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകൾ എന്നിവയുടെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിലാണ് അമാൻ-1 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ അനന്തര ഫലങ്ങളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന റെസലൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നതാണ് ‘അമാൻ'. ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊലൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും.
നൂതന റിമോട്ട് സെൻസിങ്ങും എ.ഐ ശേഷിയുമുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം ‘ഒ.എൽ-1 കഴിഞ്ഞ മാസമാണ് വിക്ഷേപിച്ചത്. ‘ഒമാൻ ലെൻസ്’ കമ്പനി അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ (ഐ.ടി.യു) സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഉപഗ്രഹം ചൈനയിൽ നിന്നായിരുന്നു വിക്ഷേപണം ചെയ്തത്.
പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്കു വഹിക്കും. എ.ഐ അധിഷ്ഠിത ഡാറ്റ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഉപഗ്രഹം ഒമാന്റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങളും നൽകും.
തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങ്ങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്. സുൽത്താനേറ്റിന് ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.