മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് ക്രമീകരണങ്ങളും സേവനങ്ങളും ബന്ധപ്പെട്ട് ഒമാനും സൗദിയും കരാറിൽ ഒപ്പുവെച്ചു. തീർഥാടകർക്ക് സേവനം നൽകുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാറിലെത്തിയിരിക്കുന്നത്.
എൻഡോവ്മെന്റ്സ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാമാരിയും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅയുമാണ് കരാറിൽ ഒപ്പിട്ടത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിച്ച ഹജ്ജ് കോണ്‍ഫറന്‍സിന്റെയും എക്സിബിഷന്റെയും ഭാഗമായാണ് കരാര്‍ ഒപ്പുവെച്ചത്.
ഒമാനില്‍നിന്ന് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ ഹിജ്റ 1446 ശഅബാന്‍ 14ന് മുമ്പ് നുസുക് പ്ലാറ്റ്ഫോമില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയായിരിക്കും വിമാനമാര്‍ഗമുള്ള തീര്‍ത്ഥാടകരുടെ വരവും പോക്കും. കരമാര്‍ഗമുള്ള വരവും പോക്കും റുബുഉല്‍ ഖാലി, ബത്ത അതിര്‍ത്തികൾ വഴിയായിരിക്കുമെന്നും കരാറില്‍ വ്യക്തമാക്കി. യാത്ര ആവശ്യകതകളും സമയക്രമങ്ങളും പാലിക്കുന്നത് ഉൾപ്പെടെ ‘നുസുക്’ പ്ലാറ്റ്ഫോമിൽ പറഞ്ഞിരിക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്.
സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ സമ്മതിച്ച മാനദണ്ഡങ്ങളും ചെലവുകളും അനുസരിച്ച് സേവന പാക്കേജുകൾ നടപ്പാക്കണമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരെ ഔഫാഖ്, മതകാര്യ മന്ത്രാലയം അറിയിക്കുകയും തുടർ നടപടികൾ പൂർത്തിയാക്കി വരികയും ചെയ്യുന്നുണ്ട്. ഹജ്ജ് തീഥാടനത്തിനുള്ള യോഗ്യതയുടെ മുന്‍ഗണന പാലിച്ച് നീതി ഉറപ്പാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനം വഴി നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തിയിരിക്കുന്നത്.
ഇത്തവണത്തെ ഒമാന്റെ ഹജ്ജ് ക്വോട്ട 14,000 ആണ്. 13098 ഒമാനികള്‍ക്കും 470 പ്രവാസികള്‍ക്കും അവസരം ലഭിക്കും. ബാക്കി സീറ്റ് ഒമാന്‍ ഹജ്ജ് മിഷന് അംഗങ്ങള്‍ക്കായിരിക്കും. പ്രവാസി ക്വോട്ടയിൽ 235എണ്ണം അറബ് പൗരന്മാർക്കും ശേഷിക്കുന്നവ ഇതരരാജ്യക്കാർക്കുമായിരിക്കും. കഴിഞ്ഞ വർഷം 500 എണ്ണമായിരുന്നു പ്രവാസി ക്വോട്ട. ഇതിൽ പകുതിവീതം അറബ് നിവാസികൾക്കും അറബ് ഇതര രാജ്യങ്ങൾക്കുമായിരുന്നു. പ്രവാസികളുടെ ക്വോട്ടയിൽ ഇത്തവണ 30 എണ്ണത്തിന്റെ കുറവുണ്ട്.
ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ നവംബർ 17ന് പൂർത്തിയാക്കിയിരുന്നു. 39,540 അപേക്ഷകളാണ് ലഭിച്ചതെന്ന് ഔഫാഖ്, മതകാര്യ മന്ത്രാലയം വെബ്സൈറ്റില്‍ നല്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 34,126 ആയിരുന്നു അപേക്ഷകര്‍. കഴിഞ്ഞ വർഷം 63ൽ അധികം മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികൾ കഴിഞ്ഞ വർഷം ഹജ്ജിന് പോയിരുന്നു. ഒരാളിൽ നിന്ന് 2,600 റിയാലാണ് കഴിഞ്ഞ വർഷം ഈടാക്കിയരുന്നത്. വിമാന മാർഗമായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.