മസ്കത്ത്: ഗോൾകീപ്പർ ഫൈസ് ഇൗസ അൽ റുശൈദിയുടെ കരുത്തിൽ 23ാമത് അറേബ്യൻ ഗൾഫ് കപ്പ് ഒമാനിലേക്ക്. ആവേശകരമായ കലാശപ്പോരിൽ യു.എ.ഇയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിന് തകർത്താണ് ഒമാെൻറ കിരീടനേട്ടം. ഒമാൻ ഗോൾകീപ്പർ ഫൈസ് ഇൗസ അൽ റുശൈദിയുടെ രണ്ട് പെനാൽറ്റി സേവുകളാണ് കളിയുടെ വിധി നിർണയിച്ചത്.
കളിയുടെ 90ാം മിനിറ്റിലും ഷൂട്ടൗട്ടിലും യു.എ.ഇയുടെ പത്താം നമ്പർ താരം ഉമർ അബ്ദുറഹ്മാെൻറ കിക്കുകളാണ് ഫൈസ് ഇൗസ അൽ റുഷൈദി തടുത്തിട്ടത്.യു.എ.ഇയുടെ കുലുങ്ങാത്ത പ്രതിരോധക്കോട്ട പൊളിക്കാനായില്ലെങ്കിലും കളിയുടെ കാവ്യനീതി പോലെ വിജയം ഒടുവിൽ ഒമാനെ തുണച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഒമാന് അർഹിക്കുന്ന വിജയം തന്നെയാണിത്. തുടരൻ ആക്രമണവുമായി കളം നിറഞ്ഞ ഒമാൻ ഏതുനിമിഷവും ഗോൾ നേടാമെന്ന സ്ഥിതിയായിരുന്നു.
ടൂർണമെൻറിലെ ഏറ്റവും മികച്ച പ്രതിരോധവുമായി എമിറേറ്റ്സ് കോട്ടകെട്ടിയപ്പോൾ ഇരു പകുതികളിലും അധിക സമയത്തും ഗോൾ ഒഴിഞ്ഞുനിന്നു. ഉദ്ഘാടന ദിവസം ഒമാനെതിരെ നേടിയ ഒരുഗോൾ മാത്രമാണ് എമിറേറ്റ്സിെൻറ ഫൈനൽ വരെയുള്ള ഏക ഫീൽഡ് ഗോൾ. എന്നാൽ, ഫൈനൽ വരേക്കും ഒരു ഗോളും അവർ കളിക്കിടെ വഴങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്.
ഗോൾ കീപ്പർ ഖാലിദ് ഇൗസയുടെ ചോരാത്ത കൈകളുടെ കൂടി സഹായത്തോടെയാണ് യു.എ.ഇ ഫൈനൽ വരെ എത്തിയത്. ഫൈനലിലും മിന്നുന്ന സേവുകളുമായി ഖാലിദ് ഇൗസ കൈയടി നേടി. 37ാം മിനിറ്റിൽ ഒമാെൻറ ഗോൾ ശ്രമം താരം പറന്നുപിടിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കളി അൽപം പരുക്കനായത് ഒഴുക്കിനെ ബാധിച്ചപ്പോൾ വിരസമായി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഒമാൻ താരത്തിെൻറ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പോസ്റ്റിന് പുറത്തേക്ക് പോയി. രണ്ടാം പകുതി തുടങ്ങിയത് യു.എ.ഇയുടെ മുന്നേറ്റത്തോടെയാണ്. എന്നാൽ, പെെട്ടന്ന് തന്നെ താളം വീണ്ടെടുത്ത ഒമാൻ ആക്രമണങ്ങളുടെ തിരമാല തീർത്ത് എതിർ പ്രതിരോധത്തെ പരീക്ഷിച്ചു. 54ാം മിനിറ്റിൽ ഗോൾകീപ്പറുടെ മികച്ച സേവ് യു.എ.ഇയെ രക്ഷിച്ചു. ബോക്സിനകത്തുനിന്നുള്ള ഹെഡർ കോർണർ വഴങ്ങി ഒഴിവാക്കുകയായിരുന്നു. 61ാം മിനിറ്റിൽ വീണ്ടും പരീക്ഷണം.
പന്ത് മാറിമാറിക്കൊടുത്ത് പോസ്റ്റിനടുത്ത് വരെ എത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം പുറത്തേക്ക്. ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത് ഒമാൻ താരങ്ങളായിരുന്നു. മുന്നേറ്റത്തിെൻറ മുനയൊടിക്കുക എന്നത് മാത്രമായിരുന്നു യു.എ.ഇക്ക് നിർവഹിക്കാനുണ്ടായിരുന്നത്. മുന്നേറ്റനിരക്കാർ വരെ ഇറങ്ങിക്കളിച്ച് അവർ ആ ദൗത്യം നന്നായി നിർവഹിക്കുകയും ചെയ്തു. ഇടക്കിടെ കൗണ്ടർ അറ്റാക്ക് കണ്ടു. രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമിലും യു.എ.ഇ നല്ല കളി കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.