മസ്കത്ത്: ഒമാനും യു.എ.ഇയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതി വൈകാതെ നിർമാണഘട്ടത്തിലേക്ക് പ്രവേശിക്കും. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരക്കുകളുടെയും യാത്രക്കാരുടെയും സുഗമമായ ഒഴുക്കിന് വഴിതുറക്കുന്ന പാത ഇനി ‘ഹഫീത് റെയിൽ’ എന്നാണ് അറിയപ്പെടുക.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയിൽവെ കടന്നുപോകുന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന ജബൽ ഹഫീതിനെ സൂചിപ്പിച്ചാണ് പേര് നൽകിയത്.
യു.എ.ഇ-ഒമാൻ ഉന്നതതല യോഗത്തിൽ റെയിൽ പദ്ധതിക്ക് വേണ്ടി ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനി അസ്യാദ് ഗ്രൂപ് കമ്പനി എന്നിവയുടെ ഓഹരി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ടീമായി പ്രവർത്തിക്കാൻ കമ്പനികൾ ധാരണയിൽ ഒപ്പുവെച്ചിട്ടുണ്ട്. റെയിൽവേ പദ്ധതി വിവിധ സാമ്പത്തിക, വ്യാവസായിക മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഉത്തേജകമായി വർത്തിക്കുമെന്നും സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ കൊണ്ടുവരുമെന്നും ഹഫീത് റെയിൽ സി.ഇ.ഒ അഹ്മദ് അൽ മുസാവ അൽ ഹാശിമി പറഞ്ഞു.
ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമ്മിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു.
മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക. ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കും. പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബൂദബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും. പദ്ധതി പൂർത്തീകരിച്ചാൽ മേഖലയിൽ ചരക്ക്, യാത്രാരംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 282,000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. ഒമാന്റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്. റെയിൽപാത വരുന്നത് ഇരുരാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ യു.എ.ഇയിൽ നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഹഫീത് പാത രൂപപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.