വി.കെ. ഷെഫീർ
മസ്കത്ത്: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ സൗദിഅറേബ്യയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ഒമാെൻറ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ സ്ട്രൈക്കർ ഫിറാസ് അൽ ബ്രിക്കാനിലൂടെയാണ് സൗദി വിജയ ഗോൾ നേടിയത്. മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് ഒമാന് തിരിച്ചടിയായത്. ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് സാധ്യതകളായിരുന്നു ഒമാന് മുന്നിൽ ഉണ്ടായിരുന്നത്. ഒമാൻ പരാജയപ്പെട്ടതും മറ്റു മത്സരങ്ങളിൽ ജപ്പാനും ആസ്ട്രേലിയയും ജയിച്ചതും സുൽത്താനേറ്റിന് തിരിച്ചടിയായി. ഇനി മൂന്നു മത്സരങ്ങൾ കൂടി ബാക്കി ഉണ്ട്. ഫെബ്രുവരി ഒന്നിന് ഒമാൻ ആസ്ട്രേലിയ പോരാട്ടം മസ്കത്തിൽ നടക്കും.
ഏഷ്യൻ ഫുട്ബാളിലെ കരുത്തരായ ജപ്പാനെ അവരുടെ നാട്ടിൽ വെച്ച് അട്ടിമറിച്ചുകൊണ്ട് സ്വപ്ന തുല്യമായ തുടക്കമായിരുന്നു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒമാന് ലഭിച്ചത്. ശക്തരായ ആസ്ട്രേലിയ, ജപ്പാൻ, സൗദി അറേബ്യ, ചൈന തുടങ്ങിയ ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഒമാൻ. അതുകൊണ്ട് തന്നെ വലിയ അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ആദ്യ മത്സരത്തിൽതന്നെ ജപ്പാനെ അട്ടിമറിച്ചതോടെ ഈ ടീമിൽനിന്നും പല അത്ഭുതങ്ങളും ആരാധകർ പ്രതീക്ഷിച്ചു. രണ്ടാം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ സൗദി അറേബ്യയോട് തോറ്റതോടെ ആരാധകർ ഞെട്ടിപ്പോയി. അടുത്ത മത്സരത്തിൽ കളിയുടെ തുടക്കത്തിൽ ആസ്ട്രേലിയക്കാപ്പം തന്നെ പോരാടിയെങ്കിലും അവസാന സമയത്തു പ്രതിരോധത്തിൽ വന്ന വീഴ്ച മൂലം ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റു. വിയറ്റ്നാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ച് ആരാധകർക്ക് മുന്നിൽ ശക്തമായ തിരിച്ചു വരവ് നടത്തി. അടുത്ത മത്സരത്തിൽ ചൈനയെ അവരുടെ നാട്ടിൽവെച്ച് സമനിലയിൽ തളച്ച് പ്രതീക്ഷകൾ നിലനിർത്തി. എന്നാൽ, ജപ്പാനുമായുള്ള ഹോം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാം എന്നുള്ള പ്രതീക്ഷ പൊലിഞ്ഞു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി പ്ലേഓഫ് അർഹത നേടാം എന്നുള്ളതായിരുന്നു പിന്നീടുള്ള പ്രതീക്ഷ. അതിനായി ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കണമായിരുന്നു.
ഇതിനിടെ ഖത്തറിൽ നടന്ന അറബ് കപ്പിൽ ഒമാൻ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സൗദി അറേബ്യക്കെതിരായ മത്സരം ഏറെ ആത്മവിശ്വാസത്തോടു കൂടിയാണ് സമീപിച്ചത്. എന്നാൽ, സൗദിയിൽ എത്തിയ ദേശീയ ടീമിലെ അഞ്ചു കളിക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഏറെ പ്രതിസന്ധികൾക്ക് നടുവിലാണ് ടീം മത്സരത്തിന് ഇറങ്ങിയത്. കരുത്തരായ സൗദി അറേബ്യയോട് മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. യോഗ്യതാ മത്സരങ്ങളിൽ ഒറ്റ മത്സരവും തോൽക്കാതെ 19 പോയന്റുമായി സൗദി ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. ഇത്രയും മത്സരങ്ങളിൽ നിന്നും പതിനഞ്ചും പതിനാലും പോയന്റുള്ള ജപ്പാൻ, ആസ്ട്രേലിയ ടീമുകളിൽ നിന്നും ഓരോ ടീം കൂടി ഈ ഗ്രൂപ്പിൽനിന്നും നേരിട്ട് യോഗ്യത നേടും. മൂന്നാം സ്ഥാനം നേടുന്ന ടീം പ്ലേഓഫിനും അർഹത നേടും. ഒമാന് യോഗ്യത നേടാൻ കഴിയാതെ പോയതിലുള്ള നിരാശ ആരാധകരിൽ പ്രകടമാണ്. ഒരു ഗൾഫ് രാജ്യത്തു ലോകകപ്പ് നടക്കുമ്പോൾ അതിൽ പങ്കെടുക്കുവാൻ സാധിക്കും എന്ന് തന്നെയായിരുന്നു ആരാധകർ വിശ്വസിച്ചത്. യോഗ്യത നേടാൻ സാധിക്കാത്തതിൽ ടീമിനെയോ , കോച്ചിനെയോ കുറ്റപ്പെടുത്താൻ ആരാധകർ തയാറല്ല, കാരണം മികച്ച പ്രകടനം പുറത്തെടുത്താണ് ഒമാൻ വിടവാങ്ങുന്നത്.ഇനി പ്രതീക്ഷ 2023 ൽ ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.