മസ്കത്ത്: ഒമാനിലെ ആദ്യത്തെ ടയർ റീസൈക്ലിങ് പ്ലാന്റ് സഹമിൽ തുറന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ, പ്രാദേശിക കമ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ടിന്ന റബർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗ്ലോബൽ റീസൈക്കിൾ എൽ.എൽ.സിയാണ് പ്രാദേശിക പാർട്ണർ ഡോ. ഹിലാൽ നാസർ മൻസൂർ അൽ റവാഹിയുമായി സഹകരിച്ച് സംരംഭം തുടങ്ങിയത്. പ്രതിവർഷം 6000 മെട്രിക് ടൺ പഴകിയ ടയറുകൾ പ്രോസസ് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. ഉപയോഗിച്ച് വലിച്ചെറിയുന്ന ടയറുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് പ്ലാന്റ് ഉപകാരപ്പെടും.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ടയർ റീസൈക്ലിങ് പ്ലാന്റ് ശുചിത്വപൂർണവും ഹരിതാഭവുമായ ഭാവി സൃഷ്ടിക്കുക എന്ന ദൗത്യത്തിന് തികച്ചും യോജിക്കുന്നതാണെന്ന് സംരംഭത്തിന്റെ ജോ. മാനേജിങ് ഡയറക്ടർ ഗൗരവ് സെഖ്റി പറഞ്ഞു. വലിച്ചെറിയപ്പെടുന്ന ടയറുകൾ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുകയും അതുവഴി മലിനീകരണം കുറക്കുകയും ഒമാന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാന്റിൽ നിർമിക്കുന്ന വസ്തുക്കൾ വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും.
ടയറുകൾ, കൺവെയർ ബെൽറ്റുകൾ, റബർ മാറ്റുകൾ, റബർ ഇൻസുലേഷൻ, ബ്രേക് പാഡുകൾ, സ്പോർട്സ് ടർഫിങ്ങുകൾ, ഓട്ടോ ഘടകങ്ങൾ, റോഡുകൾ തുടങ്ങിയവക്കാണ് റീസൈക്ലിങ് റബർ ഉപയോഗിക്കുക. ഇന്ത്യയിൽ വിജയകരമായി നടപ്പാക്കിയ പദ്ധതി വഴി നൂറുകണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി സാധ്യതകൾ രൂപപ്പെടുത്താനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.