മസ്കത്ത്: ഇന്ത്യൻ ഉള്ളിയുടെ നീണ്ട കാലത്തെ കയറ്റുമതി നിരോധനവും അതിനുശേഷം ഏർപ്പെടുത്തിയ കയറ്റുമതി നികുതി അടക്കമുള്ള നിയന്ത്രണങ്ങളിലും അയവ് വരുത്തിയിട്ടും ഒമാൻ മാർക്കറ്റിൽ ഇന്ത്യൻ ഉള്ളി വില കുറഞ്ഞില്ല. ഇന്ത്യയിൽ ഉൽപാദനം കുറഞ്ഞതു കാരണം പ്രാദേശിക മാർക്കറ്റിൽ വില വർധിച്ചതാണ് ഒമാനിലും ഉള്ളി വില ഉയർന്ന് തന്നെ നിൽക്കാൻ പ്രധാന കാരണം.
മാർക്കറ്റിൽ പാകിസ്താൻ ഉള്ളി എത്താത്തതും വില ഉയർച്ചക്ക് കാരണമാകുന്നു. നിലവിൽ ചൈന, തുർക്കിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്. ഇവ താരതമ്യേന ഗുണനിലവാരം കുറഞ്ഞതാണ്. പാകിസ്താൻ ഉള്ളിയുടെ സീസൺ കഴിഞ്ഞതോടെ ഗുണനിലവാരമുള്ള ഉള്ളി വിപണിയിൽ കുറഞ്ഞിട്ടുണ്ട്.
ഈജിപ്ഷ്യൻ ഉള്ളിയും മാർക്കറ്റിലുണ്ടായിരുന്നെങ്കിലും സീസൺ കഴിഞ്ഞതോടെ ഇതും നിലച്ചിരിക്കുന്നു. ഇന്ത്യൻ ഉള്ളിയുടെ വില കിലോക്ക് 420 ബൈസക്ക് മുകളിലാണ്.
ഈ വർഷം മേയിലാണ് ഇന്ത്യൻ ഉള്ളിക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം പിൻവലിച്ചത്. കയറ്റുമതി നിരോധം പിൻവലിച്ചെങ്കിലും ഉള്ളിക്ക് 40 ശതമാനം കയറ്റുമതി നികുതി ഏർപ്പെടുത്തിയിരുന്നു. അതോടൊപ്പം ഒരു മെട്രിക് ടൺ ഉള്ളിക്ക് 550 ഡോളർ മിനിമം വിലയും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതിയെ ബാധിക്കുകയും ചെയ്തിരുന്നു.
കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ മാർക്കറ്റിൽനിന്ന് കർഷകരുടെ സമ്മർദം മുറുകിയതോടെയാണ് ഇന്ത്യൻ സർക്കാർ ഉള്ളിയുടെ കയറ്റുമതി നിയന്ത്രണം എടുത്തുമാറ്റാൻ തീരുമാനിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പും മറ്റൊരു കാരണമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഇതോടെ കഴിഞ്ഞ മാസം 13നാണ് മിനിമം കയറ്റുമതി വില നിയമം എടുത്തുമാറ്റുകയും കയറ്റുമതി നികുതി 20 ശതമാനമായി കുറക്കുകയും ചെയ്തത്. ഇതോടെ ഒമാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഉള്ളി വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഉള്ളി ഉൽപാദനം കുറഞ്ഞതോടെ ഇന്ത്യൻ മാർക്കറ്റിൽ വില കുത്തനെ ഉയരുകയായിരുന്നു. സീസൺ ഉൽപാദനം കുറഞ്ഞതാണ് വില വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 38 ശതമാനത്തിലധികം കൂടുതലാണ് ഇപ്പോൾ ഉള്ളി വില. ഇതോടെ ഒമാനിലും ഇന്ത്യൻ ഉള്ളിയുടെ വില ഉയർന്നുനിൽക്കുകയാണ്.
ഒമാനിൽ പാകിസ്താൻ ഉള്ളി അടക്കമുള്ള നല്ല ഉള്ളികൾ ലഭ്യമല്ലാത്തതും ഉള്ളി വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ ഉള്ളി വില പെട്ടെന്നൊന്നും കുറയാൻ സാധ്യതയില്ലെന്നാണ് ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏതായാലും കഴിഞ്ഞ ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങളും മറ്റും പ്രശ്നങ്ങളും ഒമാനിലെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.