മസ്കത്ത്: നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ പ്രവാസികൾ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എം. ജാബിർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ന് നടക്കുന്നത് വ്യാപക കുപ്രചാരങ്ങളാണ്.പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ ഏതു പരിശോധന വേണമെന്ന് പറഞ്ഞിട്ടില്ല. അന്വേഷണത്തിൽ റാപിഡ് ടെസ്റ്റ് പോലുള്ളവ മതിയെന്നാണ് അറിഞ്ഞത്. എന്നാൽ, ഈ വസ്തുത മറച്ചുവെച്ച് പണച്ചെലവുള്ള ടെസ്റ്റുകളാണ് നടത്താൻ പറഞ്ഞതെന്ന കുപ്രചാരണമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിൽ ഒമാനടക്കം രാജ്യങ്ങളിൽ എംബസിയുടെ സഹായത്തോടെ ട്രൂനെറ്റ് പരിശോധനക്ക് സൗകര്യം ഉണ്ടാക്കാൻ മുൻകൈയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പല ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ ടെസ്റ്റിന് സൗകര്യം ചെയ്യാമെന്നും ഒരാൾക്ക് 12 റിയാൽ ചെലവുവരുമെന്നുമാണ് പറഞ്ഞത്. ആളുകൾ കൂടുതലാകുന്ന പക്ഷം അതിന് എട്ടു റിയാലേ ആവുകയുള്ളൂ.
ഇൗ പരിശോധന വിമാനത്താവളത്തിൽ ചെയ്യാൻ സൗകര്യമുണ്ടാക്കാൻ കഴിയും. ഇന്ത്യൻ എംബസി വിചാരിച്ചാൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കും. ഇത് യാഥാർഥ്യമാകുന്ന പക്ഷം വിമാനത്താവളത്തിൽ അഞ്ചു മണിക്കൂർ മുമ്പ് എത്തിയാൽ മതിയാകും. ഈ ടെസ്റ്റിനുള്ള ഏറ്റവും വലിയ മറ്റൊരു ഗുണം ആദ്യ ടെസ്റ്റിൽ പോസിറ്റിവ് ആണെങ്കിൽ വീണ്ടും പരിശോധന നടത്താമെന്നതാണ്. ഇത്തരം സൗകര്യം ഉണ്ടെന്നും ചെലവ് വളരെ കുറവാണ് എന്നും അറിയാമെന്നിരിക്കെ വ്യാപകമായ കുപ്രചാരണം അഴിച്ചുവിടുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിനു അധിക ചെലവു വരുമെന്നും ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നുമുള്ളതൊക്കെ സർക്കാറിനെ കരിവാരിത്തേക്കാൻ ബോധപൂർവം നടത്തുന്ന ശ്രമമാണ്.എന്നാൽ, സാധാരണക്കാരായ പ്രവാസികൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നും ജാബിർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.