മഴക്കുവേണ്ടി നടന്ന നമസ്കാരം
മസ്കത്ത്: വേനൽ കടുത്ത് തുടങ്ങിയതോടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വിലായത്തുകളിൽ മഴക്കുവേണ്ടിയുള്ള നമസ്കാരങ്ങൾ നടന്നു. നിസ്വ, നഖൽ, ഇബ്രി, ദിമ വത്തയീൻ എന്നിവയുൾപ്പെടെയുള്ള വിലായത്തുകളിലാണ് സ്വലാത്തുൽ ഇസ്തിസ്ഖാഅ് എന്നറിയപ്പെടുന്ന പ്രത്യേക പ്രാർഥന നടന്നത്. ശനിയാഴ്ച രാവിലെ, നിസ് വ വിലായത്തിലെ സാൽ അണക്കെട്ടിന് സമീപം പ്രാർഥനക്കായി പുരുഷന്മാരും സ്ത്രീകളും കുട്ടികളും പുറത്ത് ഒത്തുകൂടി. ഏപ്രിൽ 25ന് മറ്റൊരു പ്രാർഥനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ശൈത്യകാലത്ത് മഴ ലഭിച്ചിട്ടില്ല, ഞങ്ങൾ കുടിക്കാനായി കിണറുകളിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് മഴ ഞങ്ങൾക്ക് വളരെ പ്രധാനമാണെന്ന് ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിൽ നിന്നുള്ള ഖൽസ അൽ അബ്രി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ജലസേചന റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ കാർഷിക പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകമാണ് ജലസേചനം. കൃഷിഭൂമിയുടെ 80 ശതമാനത്തിലധികവും ഭൂഗർഭജലം ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്. മഴയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണിത്.മഴ വർഷിപ്പിക്കാനായി വേണ്ടി ദൈവിക ഇടപെടൽ തേടി മുസ്ലിംകൾ ചെയ്യുന്ന ഐച്ഛിക നമസ്കാരമാണ് സ്വലാത്തുൽ ഇസ്തിസ്ഖാഅ് . വരൾച്ച കാലങ്ങളിൽ ഇത്തരം നമസ്കാരം നടത്തൽ പ്രവാചകചര്യയും പുണ്യവുമാണെന്ന് മുസ്ലിംകൾ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.