മസ്കത്ത്: ഒമാനില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നതായി കണക്കുകൾ. പൊതുസംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷമുണ്ടായിരിക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ബസ്, ഫെറി സര്‍വിസുകളിലായി 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 47, 50,000 പരം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 4,506,453 പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്.
പ്രതിദിന ബസ് യാത്രക്കാര്‍ ശരാശരി 12.300ല്‍ കൂടുതലാണ്. ബസ് യാത്രക്കാരില്‍ 26.89 ശതമാനം സ്വദേശികളും 73.11 ശതമാനം വിദേശികളുമായിരുന്നു. ബസില്‍ 16.22 ശതമാനവും ഫെറിയില്‍ 23 ശതമാനവുമാണ് സ്ത്രീ യാത്രക്കാര്‍. ഫെറി സര്‍വിസുകള്‍ ഉപയോഗപ്പെടുത്തിയത് 244,862 യാത്രക്കാരാണ്. കഴിഞ്ഞ വർഷം പ്രതിദിന ഫെറി യാത്രക്കാര്‍ ശരാശരി 671ല്‍ കൂടുതലാണ്. ഫെറി സര്‍വിസുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയത് സ്വദേശികളാണ്, 75 ശതമാനം. ഫെറി യാത്രികരില്‍ 23 ശതമാനം സ്ത്രീകളാണ്. 60,000ല്‍ പരം വാഹനങ്ങള്‍ ഫെറി സര്‍വിസുകളില്‍ കടത്തുകയും ചെയ്തു.
തൊഴില്‍ തേടുന്നവര്‍ക്കായി 12,904 മണിക്കൂര്‍ പരിശീലന വര്‍ക്ക്ഷോപ്പുകളാണ് കഴിഞ്ഞ വര്‍ഷം മുവാസലാത്തിന്റെ തൊഴിലിടങ്ങളില്‍ നടത്തിയത്. ദേശീയ ഗതാഗത കമ്പനിയില്‍ സ്വദേശിവത്കരണം 94.85 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിലേറെ വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.