മസ്കത്ത്: രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്.അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയതോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് മഴ കരുത്താർജിച്ചത്. മസ്കത്തടക്കമുള്ള നഗരങ്ങളിൽ രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. സുഹാർ, ശിനാസ്, ലിവ, റുസ്താഖ്, ബറക്ക, നഖൽ, സീബ്, അൽഖൂദ് എന്നീ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
അതേസമയം, ഞായറാഴ്ചവരെ മുസന്ദം, തെക്കുവടക്ക് ബാത്തിന, ദാഖിലിയ, മസ്കത്ത്, തെക്കുവടക്ക് ശർഖിയ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഒമാൻ കടൽ തീരങ്ങളിലും അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വിവിധയിടങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.
വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും.മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട് മീറ്റർവരെ ഉയർന്നേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.