രാജേഷ് കുമാർ
മസ്കത്ത്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോഓഡിനേറ്ററായി രാജേഷ് കുമാർ നിയമിതനായി. നാൽപതുവർഷത്തിലേറെയായി ഒമാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജേഷ് കുമാർ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. ഒമാനിൽ പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഈ നിയമനം സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈകോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി.
ഇതിന്റെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്പെഷൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാറിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഡൽഹി ഹൈകോടതി നൽകിയിട്ടുണ്ട്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.