മസ്കത്ത്: യമനിലെ ഹുദൈദ തീരത്ത് ജീർണാവസ്ഥയിലായ ഭീമൻ എണ്ണക്കപ്പൽ ‘സാഫിറി’ൽനിന്ന് ക്രൂഡ് ഓയിൽ നീക്കംചെയ്യുന്ന ദൗത്യം പൂർത്തിയാക്കിയ നടപടി സ്വാഗതംചെയ്ത് ഒമാൻ. വിദേശകാര്യ മന്ത്രാലയമാണ് യു.എന്നിന്‍റെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും യമനിലെ ഗ്രൂപ്പുകളുടെയും നടപടിയെ പ്രസ്താവനയിലൂടെ പ്രശംസിച്ചത്.
ക്രൂഡ് ഓയിൽ നീക്കംചെയ്യുന്ന ദൗത്യം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസമാണ് യു.എൻ പ്രഖ്യാപിച്ചത്. സാഫിർ കപ്പലിൽനിന്ന് 11.4 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് മറ്റൊരു കപ്പലിലേക്ക് മാറ്റിയത്. ഇത് ചോർന്നാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു.
വർഷങ്ങളായി യമനിലെ ഹുദൈദ തുറമുഖത്തിന് സമീപം ജീർണാവസ്ഥയിൽ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു 47 വർഷംമുമ്പ് നിർമിച്ച സാഫിർ എന്ന ടാങ്കർ കപ്പൽ. ഇതിലെ ക്രൂഡ് ഓയിലാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഭീഷണിക്ക് ശാശ്വതപരിഹാരമായിരിക്കുകയാണ്. യു.എന്നിന്‍റെയും അന്താരാഷ്ട്ര ഇടപെടലുകളുടെയും ശ്രമഫലമായി സാഫിർ ടാങ്കറിലെ എണ്ണ നീക്കംചെയ്യുന്ന ദൗത്യം രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്.
യമനിൽ യുദ്ധം തുടങ്ങിയതിനാൽ 2015 മുതൽ കപ്പലിൽ ഒരു റിപ്പയറിങ് ജോലികളും നടത്തിയിരുന്നില്ല. അതിനാൽ വലിയ പാരിസ്ഥിതിക, മാനുഷിക ഭീഷണിയായി കപ്പൽ മാറുകയായിരുന്നു. ‘നോട്ടിക’ എന്ന എണ്ണ ടാങ്കർ കപ്പൽ വാങ്ങിയാണ് യു.എൻ സാഫിറിലെ എണ്ണ നീക്കംചെയ്തത്. എണ്ണ നീക്കംചെയ്ത ശേഷം കപ്പൽ പൊളിച്ചുനീക്കാനാണ് പദ്ധതി. എണ്ണ നീക്കംചെയ്യുന്നതിനായി മൊത്തം ചെലവ് 14.8 കോടി ഡോളർ വരുമെന്ന് നേരത്തേ കണക്കാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.