മസ്കത്ത്: ഒമാന്റെ റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തുന്നതിനാൽ ഡിസംബർ നാലിന് ദുകം മറൈൻ മേഖലക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഗതാഗതം, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ലോഞ്ച് കമ്പനിയുടെ പങ്കാളിത്തത്തോടെ രാവിലെ അഞ്ച് മുതൽ ഉച്ചക്ക് രണ്ടുവരെ ഷെഡ്യൂൾ ചെയ്ത സമയത്തിലായിരിക്കും വിക്ഷേപണം നടക്കുക. മത്സ്യത്തൊഴിലാളികളോടും കടലിൽ പോകുന്നവരോടും സുരക്ഷിതത്ത്വം ഉറപ്പാക്കാനായി ഈ സമയങ്ങളിൽ നിയുക്ത പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാൻ നിർദേശിച്ചിട്ടുണ്ട്.
പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി ബഹിരാകാശ മേഖലയിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണ വിക്ഷേപണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും അപകടസാധ്യതകൾ ഒഴിവാക്കാനും പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ആദ്യ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ. മിഡിൽ ഈസ്റ്റ് സ്പേസ് മോണിറ്ററിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐ.ടി) ഡയറക്ടർ ജനറലും നാഷനൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി ഡിസംബറിൽ റോക്കറ്റ് വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു.
ദുക്മിലെ ഇത്ത്ലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ഭൂമിശാസ്ത്രപരമായി ഭൂമധ്യരേഖയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ഒമാൻ. ഇത് കാര്യക്ഷമമായ ഉപഗ്രഹ വിക്ഷേപണത്തിന് ഏറെ അനുകൂലമാണ്. കുറഞ്ഞ ഇന്ധനം ആവശ്യമായി വരുന്നുള്ളതിനാൽ ആത്യന്തികമായി ചെലവ് കുറക്കുകയും ചെയ്യും.
ഇക്കാര്യങ്ങളെല്ലാമാണ് ഒമാനെ ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് ആകർഷകമാക്കുന്നതെന്ന് ഷോയ്ലി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ ചെറിയ ശബ്ദ റോക്കറ്റുകൾ ആയിരിക്കും വിക്ഷേപിക്കുക.
ഇത്ലാക്കിന് ബഹിരാകാശ മേഖലയിൽ ശോഭനമായ ഭാവിയാണുള്ളത്. ഒമാനിൽ നിന്ന് വിക്ഷേപിക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ, കുറഞ്ഞ ചെലവ്, രാഷ്ട്രീയ നിഷ്പക്ഷത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ കമ്പനികൾ തിരിച്ചറിയുന്നതോടെ ഇത്ലാക്ക് സമ്പൂർണ ബഹിരാകാശ പോർട്ടായി മാറുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒമാന്റെ സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾക്ക് കുതിപ്പേകുന്ന നാഷനൽ എയ്റോസ്പേസ് സർവിസസ് കമ്പനി (നാസ്കോം) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2023ൽ പ്രഖ്യാപിച്ച ഇത്ലാക് സ്പേസ്പോർട്ട്, ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മേഖലയിൽ ആദ്യത്തേതാണ്. വിവിധ ഗവേഷണ വികസന കേന്ദ്രങ്ങൾക്കൊപ്പം അത്യാധുനിക റോക്കറ്റ് അസംബ്ലിയും ടെസ്റ്റിങ് സൗകര്യങ്ങളും ഇതിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.