മസ്കത്ത്: മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗിന്റെ കീഴിൽ നടത്തുന്ന പ്രഥമ സാറ്റർഡേ ക്രിക്കറ്റ് ലീഗിൽ ബി.എച്ച്.ടി ചാമ്പ്യന്മാരായി. ഫൈനലിൽ ശക്തരായ കാറ്റർപില്ലറിനെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ബി.എച്ച്.ടി കപ്പിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത കാറ്റർപില്ലർ നിശ്ചിത 16 ഓവറിൽ 136 റൺസാണെടുത്തത്.
ഫഹദിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കുറഞ്ഞ സ്കോറിൽ കാറ്റർപില്ലറിനെ ഒതുക്കാൻ സഹായിച്ചത്. ജുനൈസ്, ഷാനിദ് എന്നിവർ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബി.എച്ച്.ടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. മികച്ച തുടക്കം കിട്ടിയെങ്കിലും ഇഷാരയുടെയും അശേഷിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന് മുന്നിൽ ബി.എച്ച്.ടി പതറി. എന്നാൽ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 15 പന്തിൽ 35 റൺസ് നേടിയ സിനാസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
നേരത്തെ ആദ്യ ക്വാളിഫെയറിൽ റൈസിങ് സ്റ്റാർ ഒ.ടി.എമ്മിനെ തോൽപിച്ച് കാറ്റർപില്ലർ ഫൈനലിൽ കയറിയപ്പോൾ എലിമിനേറ്ററിൽ സീബ് സൺ റൈസേഴ്സിനെയും രണ്ടാമത് ക്വാളിഫെയറിൽ റൈസിങ് സ്റ്റാർ ഒ.ടി.എമ്മിനെയും തോൽപിച്ചാണ് ബി.എച്ച്.ടി കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.
ഫൈനലിലെ താരമായി ബി.എച്ച്.ടിയുടെ ഫഹദിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്ററായി തിരഞ്ഞെടുത്ത റൈസിങ് സ്റ്റാർ ഒ.ടി.എമ്മിന്റെ യതിൻ കുമാർ ടൂർണമെന്റിലെ താരവുമായി. സ്മാഷേഴ്സിന്റെ ശ്രീനിവാസൻ കൃഷ്ണൻ ടൂർണമെന്റിലെ മികച്ച ബൗളറായി. ഫയ്യാസ് കാറ്റർപില്ലർ, ജിബിൻ ബി.എച്ച്.ടി, അൽത്താഫ് ബി.എച്ച്.ടി എന്നിവർ ക്വാളിഫൈയർ, എലിമിനേറ്റർ റൗണ്ടുകളുടെ താരങ്ങളായി. വരും ദിവസങ്ങളിൽ കൂടുതൽ ടൂർണമെന്റുകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അതിന്റെ ഭാഗമായി അടുത്ത മാസം മലയാളികളെ മാത്രം ഉൾക്കൊള്ളിച്ച് കേരള പ്രീമിയർ ലീഗ് നടത്തും. കൂടാതെ എം.ടി.സി.എൽ ട്വന്റി 20, എം.സി.എൽ 16 ഫോർത്ത് എഡിഷൻ, എസ്.സി.ൽ 16 - സീസൺ 2 ടൂർണമെന്റുകൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.