മസ്കത്ത്: ആധുനിക സൗകര്യങ്ങളോടെയുള്ള തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് ‘സിലാൽ’ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നാടിന് സമർപ്പിച്ചു. മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ജൂണിൽ തന്നെ തുടങ്ങിയിരുന്നു. സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്രിയുടെ മേൽനോട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസം ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ‘സിലാൽ’ മാർക്കറ്റ് പച്ചക്കറികളും പഴങ്ങളും വ്യാപാരം ചെയ്യുന്നതിനുള്ള ദേശീയ-അന്തർദേശീയ വിപണിയും കാർഷിക സ്ഥാപനങ്ങളും വ്യക്തിഗത കർഷകരും വീട്ടിലുണ്ടാക്കുന്ന ഉൽപന്നങ്ങളുടെ വിപണന കേന്ദ്രവുമാണ്. 2020ലെ ആസൂത്രണ ഘട്ടം മുതൽ പദ്ധതി നടപ്പാക്കൽ നാല് വർഷമെടുത്തു. നിലവിലുണ്ടായിരുന്ന മവേല സെൻട്രൽ മാർക്കറ്റിൽനിന്ന് ഖസാഇൻ ഇക്കണോമിക് സിറ്റിയിലേക്ക് പുതിയ മാർക്കറ്റ് മാറുന്നതിനായി 2021ൽ കരാർ ഒപ്പുവെച്ചു. നിർമാണ പ്രവർത്തനങ്ങൾ 2022 മേയിൽ ആരംഭിക്കുകയും മാർക്കറ്റിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ഈ വർഷം ജൂണിൽ തുടങ്ങുകയുമായിരുന്നുവെന്ന് `സിലാൽ' ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ കാത്തിബ് പറഞ്ഞു. ഈ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ, സിവിൽ, സ്വകാര്യ സ്ഥാപനങ്ങളും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കമ്പനികളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഒമാൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് (റാക്കിസ) 60 ശതമാനം ഓഹരി, സേലം ആൻഡ് പാർട്ണേഴ്സ് (25 ശതമാനം), ഖസ്ന ലോജിസ്റ്റിക്സ് (10 ശതമാനം), അൽ കൽബാനി ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് (അഞ്ച് ശതമാനം) എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മാർക്കറ്റ് യാഥാർഥ്യമാക്കിയത്. ഏറ്റവും ഉയർന്ന അന്തർദേശീയ സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് മാർക്കറ്റ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് `സിലാൽ' മാർക്കറ്റിലെ ഓപറേഷൻസ് മാനേജർ ഉസ്മാൻ ബിൻ അലി അൽ ഹത്താലി പറഞ്ഞു. മാർക്കറ്റിൽ ആധുനികവും സംയോജിതവുമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെൻട്രൽ കൂളിങ് ഏരിയകൾ, മൊത്തക്കച്ചവടം, ഡ്രൈ വെയർഹൗസുകൾ, സോർട്ടിങ്, പാക്കേജിങ് വർക്ക്ഷോപ്പുകൾ, കസ്റ്റംസ് ഇൻസ്പെക്ഷൻ പ്ലാറ്റ്ഫോം, ഭക്ഷ്യസുരക്ഷ ലബോറട്ടറി, പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സ്റ്റാളുകൾ, മൊത്തക്കച്ചവടക്കാർക്കുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, മറ്റു സേവന സൗകര്യങ്ങൾ എന്നിവയുണ്ട്.
ഈ വർഷം ജൂൺ അവസാനത്തോടെ മാർക്കറ്റിൽ ട്രയൽ ഓപറേഷൻ ആരംഭിച്ചതുമുതൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7,000ത്തിലധികം ട്രക്കുകൾ കൈകാര്യം ചെയ്യാൻ സിംഗ്ൾ ഇൻസ്പെക്ഷൻ സ്റ്റേഷന് കഴിഞ്ഞു. കൂടാതെ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽനിന്ന് പ്രതിദിനം 800ലധികം പ്രാദേശിക ട്രക്കുകളും ഇവിടെ എത്തുന്നുണ്ട്. ശരാശരി 5,000ത്തോളം ആളുകൾ പ്രതിദിനം മാർക്കറ്റ് സന്ദർശിക്കുന്നുണ്ട്. `സിലാൽ' മാർക്കറ്റിൽ പ്രതിദിനം 5,000 ടൺ പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ പച്ചക്കറികളും പഴങ്ങളും വിറ്റഴിഞ്ഞുപോകുന്നുണ്ട്. ഇവിടെയെത്തുന്ന ഉൽപ്പന്നങ്ങളിൽ വെറും അഞ്ച് ശതമാനം മാത്രമാണ് കേടുവരുന്നുളളു. ഇതിനുള്ള പ്രധാന കരണം ആധുനിക സൗകര്യത്തോടെയുള്ള കൂളിങ് സംവിധാനമാണ്. മാർക്കറ്റ് സ്വദേശികൾക്ക് 300ലധികം നേരിട്ടുള്ള ജോലികളും 450 പരോക്ഷ ജോലികളും നൽകുന്നുണ്ടെന്ന് അൽ ഹത്താലി പറഞ്ഞു.
മവേല സെൻട്രൽ മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മാർക്കറ്റിന് അടുത്തായി 3000 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണസൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ താമസ സ്ഥലം മാർക്കറ്റിലെ ജീവനക്കാർക്ക് ഏറെ അനുഗ്രഹമാകും. സൗകര്യങ്ങൾ വർധിച്ചതിനാൽ നിരവധി പുതിയ വ്യാപാരികൾ മാർക്കറ്റിൽ കടകൾ ആരംഭിച്ചിട്ടുണ്ട്. നിരവധി സ്വദേശികളും ഇതിൽ ഉൾപ്പെടും.
പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളെല്ലാം ഒറ്റ കുടക്കീഴിലായി എന്നത് വലിയ പ്രത്യേകതയാണ്. 170 മൊത്ത വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനങ്ങൾ അടുത്തടുത്തായതിനാൽ ഉപഭോക്താക്കൾക്ക് യഥേഷ്ടം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. ഇത് മാർക്കറ്റ് മുഴുവൻ മേൽക്കൂരക്ക് കീഴിൽ ശീതീകരിച്ചാണ് സംവിധാനിച്ചിരിക്കുന്നത്. അതിനാൽ മാർക്കറ്റിനുള്ളിൽ പ്രവേശിക്കുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ചൂട് സഹിക്കുകയോ മഴ കൊള്ളുകയോ പൊടിപടലങ്ങൾ പാറുകയോ ചെയ്യില്ല. മാർക്കറ്റ് മുഴുവൻ ശീതീകരിച്ചതിനാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ദിവസം കേടുകൂടാതെ നിൽക്കുകയും ചെയ്യും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എത്തുന്ന പഴങ്ങളും പച്ചക്കറികളും നേരെ മാർക്കറ്റിലേക്കാണ് എത്തുന്നത്. കസ്റ്റംസ് പരിശോധന അടക്കമുള്ള എല്ലാ സൗകര്യങ്ങളും പുതിയ മാർക്കറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് കമ്പനികൾക്കും ഇറക്കുമതിക്കാർക്കും ഏറെ സൗകര്യമായിരിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്ള കസ്റ്റംസ് പരിശോധന ഒഴിവാക്കിയത് എളുപ്പത്തിൽ ഉൽപന്നങ്ങൾ വിപണിയിൽ എത്താൻ സഹായിക്കും. പഴം പച്ചക്കറികളുടെ കീടനാശിനി അളവുകൾ കണ്ടെത്താനുള്ള ലാബും മാർക്കറ്റിൽ തന്നെ ഒരുക്കിയതും വ്യാപാരികൾക്ക് സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.