മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികദിനത്തിൽ നടത്തിയ സ്റ്റുഡൻസ് ഫെസ്റ്റിവൽ വിജയമാക്കാൻ സംഭാവന നൽകിയ എല്ലാവരോടും നാഷനൽ സെലിബ്രേഷൻസ് സെക്രട്ടേറിയറ്റ് ജനറൽ നന്ദി അറിയിച്ചു.
വിദ്യാർഥി ഉത്സവത്തിൽ പങ്കെടുത്ത് അത് വിജയകരമാക്കിയ എല്ലാവരുടെയും പരിശ്രമങ്ങളെയും സഹകരണത്തെയും താൽപര്യത്തെയും നാഷനൽ സെലിബ്രേഷൻസ് സെക്രട്ടേറിയറ്റ് ജനറൽ വിലമതിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വത്തയയിലെ അൽ ഫത്തേ സ്ക്വയറിൽ നടന്ന വിദ്യാർഥി ഉത്സവത്തിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻതാരിഖ് ആണ് അധ്യക്ഷത വഹിച്ചത്. സെക്രട്ടേറിയറ്റ് ജനറൽ ഓഫ് നാഷനൽ സെലിബ്രേഷനാണ് (എസ്.ജി.എൻ.സി) പരിപാടി സംഘടിപ്പിച്ചത്. സുൽത്താൻ ഭരണം ഏറ്റെടുത്തതിന്റെയും ഒമാന്റെ പുതുക്കിയ നവോത്ഥാനത്തിന്റെയും അഞ്ചാം വാർഷികം ആഘോഷിച്ച ഈ ഉത്സവത്തിൽ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 8,000 പേരാണ് പങ്കെടുത്തത്.
പരിപാടി പ്രധാനമായും അഞ്ച് പാനൽ ചർച്ചകളിലായാണ് നടന്നത്. ഒമാനി ജനത അനുഭവിച്ച സന്തോഷത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ‘സ്വാഗതം’ ചർച്ചയിൽ ഉൾപ്പെട്ടിരുന്നത്. സുൽത്താന്റെ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സുസ്ഥിര വികസനത്തിന്റെ ഒരു മൂലക്കല്ലായി ‘വിദ്യാഭ്യാസത്തെ’ ഉയർത്തിക്കാട്ടുന്നതായിരുന്നു രണ്ടാമത്തേത്.
‘വാഗ്ദാനം നിറവേറ്റി’, എന്ന മൂന്നാമത്തെ പാനലിൽ പുതുക്കിയ ഒമാനി നവോത്ഥാനത്തിന്റെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ ചിത്രീകരിക്കുന്നതായി. വിവിധ മേഖലകളിലെ പുരോഗതിയും ദേശീയ വളർച്ചയിലും വികസനത്തിലും അവ ചെലുത്തിയ സ്വാധീനവും പ്രദർശിപ്പിച്ചു. ‘ഒമാൻ, സമാധാനത്തിന്റെ ഭൂമിക’ എന്ന പാനലിൽ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം, ശൂറയോടുള്ള പ്രതിബദ്ധത, സമാധാനത്തോടുള്ള സമീപനം എന്നിവയായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ഒമാനി പൈതൃകത്തെയും കലകളെയും ആഘോഷിക്കുന്ന, രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന പൗരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നതായിരുന്നു ‘ഒമാൻ എക്രോസ് ടൈം’ പരിപടി.
തുടർച്ചയായ നവോത്ഥാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിനും സമർപ്പണത്തിനും വിശ്വസ്തതയും നന്ദിയും പ്രശംസയും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പരിപാടിക്ക് തിരശ്ശീല വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.