മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റായ ഹിസ് മെജസ്റ്റി കപ്പിൽ (സുൽത്താൻ കപ്പ് ) മുത്തമിട്ട് സീബ് ഫുട്ബാൾ ക്ലബ്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റുസ്താഖ് ക്ലബിനെ തോൽപിച്ചാണ് സുൽത്താൻ കപ്പ് സ്വന്തമാക്കിയത്. 51 വർഷത്തെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് സീബ് കിരീടം നേടുന്നത്. അവസാനമായി കിരീടം നേടിയതാകട്ടെ 24 വർഷം മുമ്പും.
തുടക്കം മുതൽക്കുതന്നെ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. എന്നാൽ, രണ്ടാം പകുതിയിൽ സീബ് കൂടുതൽ ആക്രമിച്ചു കളിക്കാൻ തുടങ്ങി. എന്നാൽ, ഗോൾ കീപ്പർമാരുടെ മിന്നും പ്രകടനം ഗോളിൽനിന്നും അകറ്റി. മത്സരം അധിക സമയത്തേക്ക് നീങ്ങും എന്നു തോന്നിപ്പിച്ച ഘട്ടത്തിലാണ് സീബ് മിഡ്ഫീൽഡർ മുഹ്സിൻ അൽ ഗസ്സാനി ലോങ് ഷോട്ടിലൂടെ 86 ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. ഇതോടെ കളി കൂടുതൽ പരുക്കൻ അടവുകളിലേക്കു നീങ്ങി. റുസ്താഖിന്റെ അബ്ബാസ് അൽ ഹഷ്മി ചുവപ്പു കാർഡ് കിട്ടി പുറത്താവുകയും ചെയ്തു.
എന്നാൽ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അംജദ് അൽ ഹാർത്തി സീബിന് വേണ്ടി രണ്ടാം ഗോളും നേടിയതോടെ റുസ്താഖിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ധനകാര്യ മന്ത്രി സുൽത്താൻ സാലിം ബിൻ അൽ ഹബ്സി സമ്മാനദാനം നടത്തി. കായിക യുവജന കാര്യ മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് മുഖ്യാതിഥിയായി. കാണികൾക്കായി നിരവധി സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകി.
മസ്കത്ത്: സുൽത്താൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ആരാധകർ. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷം മൂലം കഴിഞ്ഞ രണ്ടു വർഷവും കാണികളെ പ്രവേശിപ്പിക്കാതെയുള്ള ഫൈനൽ മത്സരങ്ങൾ ആണ് അരങ്ങേറിയത്.
എന്നാൽ, കോവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങൾ ഏറക്കുറെ മാറിയതോടെ സ്റ്റേഡിയത്തിലേക്ക് കാണികളുടെ ഒഴുക്കായിരുന്നു. മസ്കത്ത് ഗവർണറേറ്റിൽ തന്നെയുള്ള സീബ് ടീമിന്റെയും, മസ്കത്തിൽനിന്നും അധികം ദൂരെയല്ലാത്ത റുസ്താഖ് ക്ലബിന്റെയും ആരാധകർ വ്യാഴാഴ്ച ഉച്ച മുതൽക്കുതന്നെ സ്റ്റേഡിയത്തിലേക്കു എത്തിയിരന്നു. കളി ആരംഭിക്കാൻ മണിക്കൂറുകൾക്കുമുമ്പ് തന്നെ സ്റ്റേഡിയം ആരാധകരാൽ നിറഞ്ഞു. വർഷങ്ങൾക്കു ശേഷമാണ് സുൽത്താൻ ഖാബൂസ് സ്പോർട്സ് സ്റ്റേഡിയം കാണികളാൽ നിറഞ്ഞു കവിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.