മസ്കത്ത്: ആധുനിക സൗകര്യങ്ങൾ അടങ്ങിയ ‘സുൽത്താൻ ഹൈതം സിറ്റി’ പദ്ധതിക്ക് തുടക്കം കുറിച്ചു. ബൈത് അൽ ബറക പാലസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് കാർമികത്വം വഹിച്ചു. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുതിയ മാതൃകയാകുന്ന സ്മാർട്ട് സിറ്റിയുടെ വിശദാംശങ്ങളെക്കുറിച്ച് ചടങ്ങിൽ സുൽത്താന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.
സുൽത്താൻ ഹൈതം സിറ്റിയുടെ മാസ്റ്റർ പ്ലാനിന്റെയും മാതൃകയുടെയും സവിശേഷതകൾ, സമഗ്രമായ സൗകര്യങ്ങൾ, അയൽപക്ക സംയോജനം എന്നിവയുടെ ദൃശ്യാവതരണവും നടന്നു.
സീബ് വിലായത്തിലാണ് ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂനിറ്റുകളിലായി 1,00,000 പേർക്ക് താമസസൗകര്യം നൽകും. 2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, 25 മസ്ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റൽ ഉൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, ഒരു യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളായിരിക്കും. ഉദ്ഘാടനത്തിനെത്തിയ സുൽത്താനെ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ശുഐലി സ്വീകരിച്ചു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.