മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ബെൽജിയം സന്ദർശനം പുരോഗമിക്കുന്നു. ബ്രസൽസിലെ റോയൽ പാലസിൽ സുൽത്താനെ ഔദ്യോഗിക ബഹുമതികളോടെ വരവേറ്റു. ആചാരപരമായ സ്വീകരണത്തിന് ശേഷം, സുൽത്താൻ ഹൈതം ബിൻ താരിഖും ബെൽജിയം രാജാവ് ഫിലിപ്പ് ലിയോപോൾഡും ഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപ താൽപര്യങ്ങളും വിവിധ മേഖലകളിൽ സഹകരണവും പങ്കാളിത്ത ബന്ധങ്ങളും മെച്ചപ്പെടുത്താനുമുള്ള വശങ്ങളും ചർച്ച ചെയ്തു.
ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുവരും കൈമാറി. ബെൽജിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ആസ്ഥാനമായ ലാംബർമോണ്ടിൽ പ്രധാനമന്ത്രിയുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി സഹകരണം വർധിപ്പിക്കുന്നതിനും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒമാനും ബെൽജിയവും ഒപ്പുവെച്ചു. ഇതുപ്രകാരം നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകളുള്ളവർക്ക് പ്രത്യേക കാലയളവിലേക്ക് വിസയില്ലാതെ പ്രവേശനം സാധ്യമാകും. ഉന്നതതല പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്. സന്ദർശനം ബുധനാഴ്ച പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.