മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ബെൽജിയം സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്ന് ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു. ഫിലിപ്പ് രാജാവിന്റെയും മതിൽഡെ രാജ്ഞിയുടെയും ക്ഷണപ്രകാരമാണ് സുൽത്താൻ ബെൽജിയം സന്ദർശിക്കുന്നത്. പ്രാദേശികവും അന്തർ ദേശീയവുമായ വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറും.
ഒമാനും ബെൽജിയവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും. നയതന്ത്ര ഘടകം, തുറമുഖം, ഊർജ സഹകരണം, സാംസ്കാരിക സഹകരണം, പ്രതിരോധം, ബയോഫാർമസ്യൂട്ടിക്കൽ മേഖല, ബഹിരാകാശം എന്നീ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും.
ബ്രസൽസിലെ റോയൽ പാലസിൽ സ്വീകരണത്തോടെ സന്ദർശനം ആരംഭിക്കും. തുടർന്ന് സുൽത്താൻ രാജകീയ ദമ്പതികളും തമ്മിലുള്ള ഉച്ചഭക്ഷണവും നടക്കും. സുൽത്താൻ ബ്രസ്സൽസ് സിറ്റി ഹാളും സന്ദർശിക്കും. ലേക്കൺ പാലസിലെ അത്താഴത്തോടെ ആദ്യ ദിവസം അവസാനിക്കും.
ഫിലിപ്പ് രാജാവും ആന്റവെർപ് നഗരത്തിലെ തുറമുഖം സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി ആന്റവെർപ്-ബ്രൂഗസ്, ദുകം തുറമുഖങ്ങൾ തമ്മിലുള്ള സഹകരണവും ചർച്ച ചെയ്യും. വാട്ടർലൂവിലെ ക്വീൻ എലിസബത്ത് മ്യൂസിക് ചാപ്പലിലെ ഉച്ചഭക്ഷണത്തോടെ സന്ദർശനം അവസാനിക്കും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി, ബെൽജിയത്തിലെ ഒമാൻ അംബാസഡർ റുവ ഇസ അൽ സദ്ജലി എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശന വേളയിൽ സുൽത്താനെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.