മസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില 45 ഡിഗ്രി കടക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില സുഹാർ (44 ഡിഗ്രി), സഹം (43 ഡിഗ്രി) എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഏഷ്യയിലെ പല രാജ്യങ്ങളും ഉഷ്ണതരംഗങ്ങളെ നേരിടുന്നതിനാൽ മേയ്, ജൂലൈ മാസങ്ങളിൽ വേനൽചൂടിന്റെ കാഠിന്യത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക, അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവ ചൂടുകാലത്ത് സ്വീകരിക്കാവുന്ന കാര്യങ്ങളാണെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, ബലഹീനത, ഉത്കണ്ഠ, കടുത്ത ദാഹം, തലവേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കഴിയുന്നത്ര വേഗം തണുത്ത സ്ഥലത്തേക്ക് മാറി നിങ്ങളുടെ താപനില പരിശോധിക്കണം. റീഹൈഡ്രേറ്റ് ചെയ്യാൻ വെള്ളമോ പഴച്ചാറോ കുടിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചു. ചൂടുള്ള സമയത്ത് മുറിയിലെ താപനില പകൽസമയത്ത് 32 ഡിഗ്രി സെൽഷ്യസിലും രാത്രിയിൽ 24 ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കണം. 60 വയസ്സിനു മുകളിലുള്ളവർക്കും ശിശുക്കൾക്കും അല്ലെങ്കിൽ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് വളരെ പ്രധാനമാണെന്നും അധികൃതർ പറഞ്ഞു.
മസ്കത്ത്: വേനൽ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും ചൂട് ശക്തമായതോടെ പുറത്ത് പണിയെടുക്കുന്നവർക്ക് ദുരിതമേറി. നിർമാണ മേഖലയിലടക്കം പണിയെടുക്കുന്നവരാണ് ഏറെ പ്രയാസത്തിലായത്. ഉച്ച വിശ്രമവേള നിയമം ജൂൺ മാസത്തിലാണ് നിലവിൽ വരുക. ഇതു പ്രകാരം ഉച്ചക്ക് 12.30 മുതൽ ഉച്ചക്ക് 3.30 വരെ തൊഴിലാളികൾക്ക് വിശ്രമിക്കാൻ സമയം കിട്ടും.
എന്നാൽ, ഇനി അതിന് രണ്ടാഴ്ചയിലേറെ സമയമുണ്ട്. നിലവിൽ ഇപ്പോൾ രാജ്യത്ത് പലയിടത്തും 40നടുത്താണ് താപനില. വരും ദിവസങ്ങളിൽ അതുയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ, ഉച്ച വിശ്രമവേള നേരത്തെ ആക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഒമാനിലെ നിർമാണ മേഖലയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് പ്രവാസികളാണ്.
നിലവിൽ കനത്ത ചൂടാണുള്ളത്. തങ്ങൾ പെട്ടെന്ന് ക്ഷീണിതരാകുന്നുണ്ട്. വൈകീട്ട് അഞ്ചിന് ശേഷം മാത്രമാണ് താപനില കുറയുന്നത്. ഓരോ വർഷവും വേനൽക്കാലം ഏകദേശം ജൂണിന് രണ്ടാഴ്ച മുമ്പ് ആരംഭിക്കുന്ന അവസ്ഥയാണുള്ളതെന്ന് തൊഴിലാളിയായ തംജീദ് മുഹമ്മദ് പറഞ്ഞു. അതിനാൽ, ജൂണിന് മുമ്പ് 20 ദിവസമോ ഒരു മാസമോ കൂടി ഉച്ച വിശ്രമമാക്കി മാറ്റാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ച വിശ്രമവേള ജൂണിനുമുമ്പ് ആരംഭിച്ച് സെപ്റ്റംബർ 30 വരെ നീട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മറ്റൊരു നിർമാണത്തൊഴിലാളിയായ ഫൈസുൽ ഹഖ് പറഞ്ഞു. ഈ സമയത്ത്, ഉച്ചക്ക് 12.30 മുതൽ തൊഴിലാളികൾക്ക് കർശനമായ നിയന്ത്രണവും നിരോധനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചൂടിൽ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് മാനുഷിക പരിഗണനകൾ ആവശ്യമാണെന്ന് ചില സ്വദേശി പൗരന്മാർ ചൂണ്ടിക്കാട്ടി. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് ജോലിസ്ഥലത്തുനിന്ന് വാഹനമോടിച്ച് മടങ്ങുമ്പോൾ ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികളെ കാണുമ്പോൾ പ്രയാസമുണ്ടാക്കാറുണ്ടെന്ന് അമീറാത്തിൽനിന്നുള്ള അമൂർ അൽ തൗഖി പറഞ്ഞു. അവർക്ക് മറ്റ് മാർഗമില്ലാത്തതിനാലാണ് കത്തുന്ന വെയിലിൽ പണിയെടുക്കുന്നത്. അധികാരികൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഊഷ്മാവ് ക്ഷീണത്തിന് കാരണമാകുമെന്നും ഇത് ഏകാഗ്രതയും ജാഗ്രതയും ഉണർവും കുറക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തൽഫലമായി മറ്റ് പല ആരോഗ്യ അപകടങ്ങൾക്കും ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കുന്നു.
മസ്കത്ത്: രാജ്യം കനത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ നിർമാണമേഖലയിലടക്കം പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കുന്നതിനുള്ള കാര്യങ്ങൾ സംബന്ധിച്ച് തൊഴിൽമന്ത്രാലയം ബോധവത്കരണത്തിന് തുടക്കമിട്ടു. തൊഴിൽമന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് തെക്കൻ ബാത്തിന ഗവർണറേറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ ബിസിനസ് ഉടമകൾക്കായി ബോധവത്കരണ കാമ്പയിനുകൾ നടത്തി. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. മധ്യാഹ്ന അവധി നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം തേടുന്നതിന്റെ ഭാഗമാണ് ബോധവത്കരണ കാമ്പയിൻ.
ഉച്ചവിശ്രമം അനുവദിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. വിശ്രമസമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കാനും സംവിധാനം ഒരുക്കും. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരുവര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. വ്യവസ്ഥകൾ കൃത്യമായും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ജൂൺ മുതലുള്ള മൂന്നുമാസങ്ങളിൽ പരിശോധനാ സംഘങ്ങൾ തൊഴിൽ സ്ഥലങ്ങളിലും ഫീൽഡിലും സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.