മസ്കത്ത്: ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ജാഗ്രതയും പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദീർഘദൂരങ്ങളിൽ ജാഗ്രതയും കരുതലും വേണം. അധികാരികൾ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
ഇബ്രയെയും മുദൈബിയെയും ബന്ധിപ്പിക്കുന്ന റോഡിൽ വ്യാഴാഴ്ച രാവിലെ ഏഴ് വാഹനങ്ങൾ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പൗരന്മാർ മരിക്കുകയും 22 പേർക്ക് നിസ്സാര പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി വിപുലമായ സോഷ്യൽ മീഡിയ കാമ്പയിൻ റോയൽ ഒമാൻ പൊലീസ് നടത്തുന്നുണ്ട്.
സലാല, സുൽത്താനേറ്റിന്റെ മറ്റ് ഭാഗങ്ങളിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോകുന്നത് കണക്കിലെടുത്താണ് കാമ്പയിൻ നടത്തി വരുന്നത്. ഓവർടേക്ക് ചെയ്യുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള തെറ്റായ ട്രാഫിക് നിയമങ്ങളുടെ അപകടങ്ങൾ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പരിമിതമായ ദൃശ്യപരത, കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത, കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന ഇന്റർസെക്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, വളവുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്ന നിയന്ത്രിത മേഖലകളാണെന്ന് ആർ.ഒ.പി ഉണർത്തുന്നു. കുന്നുകൾ, ചരിവുകൾ, വഴുക്കലുള്ള റോഡുകൾ, കാൽനട ക്രോസിങ്ങുകൾക്ക് സമീപം എന്നിവിടങ്ങളിലും സുരക്ഷാ കാരണങ്ങളാൽ ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ഉണ്ടാകുന്നത് കുറക്കുന്നതിനുമാണ് ഈ ഓവർടേക്കിങ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. റോഡ് സുരക്ഷ നിലനിർത്തുന്നതിന് ഡ്രൈവർമാർ എപ്പോഴും ഈ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അവ പാലിക്കുകയും വേണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.