റമദാനിന്റെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ പള്ളികൾ നിറഞ്ഞ് കവിഞ്ഞതിനാൽ പുറത്തുനിന്ന് പ്രാർഥന നടത്തുന്ന വിശ്വാസികൾ. റൂവി ഖാബൂസ് മസ്ജിദിൽനിന്നുള്ള കാഴ്ച
-വി.കെ. ഷെഫീർ
മസ്കത്ത്: പുണ്യങ്ങൾ പെയ്തിറങ്ങിയ വിശുദ്ധ മാസം വിടപറയുന്നതിന്റെ നോവുമായി വിശ്വാസികൾ ഈ വർഷത്തെ റമദാനിലെ അവസാന വെള്ളിയാഴ്ചയോട് വിട പറഞ്ഞു. ചെറിയ പെരുന്നാൾ പടിവാതിൽക്കൽ എത്തിനിൽക്കെ മസ്ജിദുകളിൽ ഇന്നലെ വിടവാങ്ങൾ പ്രതീതിയായിരുന്നു. റമദാനിൽ നേടിയെടുത്ത വിശുദ്ധി വരുംകാലങ്ങളിലും കാത്ത് സൂക്ഷിക്കണമെന്നും പോരായ്മകളും കുറവുകളും നികത്തി റമദാൻ കുറ്റമറ്റതാക്കാൻ ദൈവത്തോട് കൈയുയർത്തി കേഴണമെന്നും ഇമാമുകൾ ഉദ്ബോധിപ്പിച്ചു.
ഏറെ വിലപ്പെട്ട രാപ്പകലുകൾ ഇനിയും ബാക്കിയുണ്ടെന്നും പ്രാർഥന നിറഞ്ഞ മനസ്സോടെ ഇവക്കായി കാത്തിരിക്കണമെന്നും അത് വഴി ദൈവത്തിലേക്ക് അടുക്കണമെന്നും സഹജീവികളെ സ്നേഹിച്ചും ദീനാനുകമ്പ കാണിച്ചും മനുഷ്യത്വം ഊട്ടി ഉറപ്പിക്കണമെന്നും ഇമാമുമാർ ഉണർത്തി. റമദാനിലെ അവസാന വെള്ളിയാഴ്ചയായതുകൊണ്ട്തന്നെ വിശ്വാസികൾ നേരത്തെ തന്നെ മസ്ജിദുകളിൽ ഇടം പിടിച്ചിരുന്നു. എല്ലാ മസ്ജിദുകളും നേരത്തെ തന്നെ തിങ്ങി നിറഞ്ഞതോടെ പലരും പുറത്താണ് പ്രാർഥനകൾ നിർവഹിച്ചത്. ഖുർആൻ പാരായണവും പ്രാർഥനകളുമായി മസ്ജിദുകൾ നേരത്തെ തന്നെ മുഖരിതമായിരുന്നു.
പ്രാർഥന നിർഭരമായ അന്തരീക്ഷത്തിലാണ് അവസാന വെള്ളിയാഴ്ച കടന്ന് പോയത്. ജുമുഅ നമസ്കാരം കഴിഞ്ഞും നിരവധി പേർ പ്രാർഥനയും ഖുർആൻ പാരായണവുമായി മസ്ജിദുകളിൽ തന്നെ തങ്ങി.
അതേസമയം, റമദാൻ അവസാനത്തിലെത്തിയതോടെ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക് നീങ്ങി. റോഡുകളിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
റൂവി അടക്കമുള്ള നഗരങ്ങളിലെല്ലാം വൈകുന്നേരത്തോടെ ഗതാഗത കുരുക്ക് അനുഭവപ്പെടാൻ തുടങ്ങി. പെരുന്നാൾ അടുത്തതോടെ അക്ഷരാർഥത്തിൽ രാവുണരുകയാണ്. മാളുകളും വ്യാപാര സ്ഥാപനങ്ങളും ഭക്ഷ്യ ശാലകളും രാവറ്റം വരെ വിളക്കണച്ചിരുന്നില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മറ്റും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മത്രയടക്കമുള്ള പരമ്പരാഗത സൂഖുകളിലും നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.