മസ്കത്ത്: ഡെങ്കിപ്പനിയുടെ ലക്ഷണമുള്ളവർ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് നിർദേശിച്ച ചികിത്സകൾ തേടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈഡിസ് കൊതുകിനെ തുരത്താൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി നടത്തുന്ന കാമ്പയിന് ജനങ്ങളിൽനിന്നുള്ള സഹകരണം ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ വിഭാഗം ഡയറക്ടർ ഡോ. ആദൽ ബിൻ സയീദ് അൽ വഹൈബി പറഞ്ഞു.
ഈഡിസ് കൊതുക് മൂലമുണ്ടാകുന്ന മറ്റ് പനികളൊന്നും രാജ്യത്ത് രേഖപ്പെടുത്തിയിട്ടില്ല. അൽ വുസ്ത ഗവർണറേറ്റ് ഒഴികെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിൽ ഈഡിസ് കൊതുകിന്റെ സാന്നിധ്യമുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ മിക്ക വിലായത്തുകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. രോഗ ബാധിതരിൽനിന്ന് ആരോഗ്യമുള്ള വ്യക്തിയിലേക്ക് പകരുകയും ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക രോഗം, ചിക്കുൻ ഗുനിയ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈഡിസ് കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ പൗരന്മാരും താമസക്കാരും യോജിച്ച് ശ്രമിച്ചാൽ കഴിയും. ഇവയുടെ പ്രജനന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും മനുഷ്യരോട് അടുത്ത് നിൽക്കുന്ന സ്ഥലങ്ങളിലാണ്. പക്ഷികൾക്കായി ഉപയോഗിക്കുന്ന വെള്ളം നിറച്ച ചെറിയ പാത്രങ്ങൾ, തുടർച്ചയായി വൃത്തിയാക്കാത്ത വലിയ പാത്രങ്ങൾ, കൊതുക് പെരുകുന്ന ഏതെങ്കിലും മനുഷ്യനിർമിത ജലാശയങ്ങൾ എന്നിവയിലാണ് ഇവ പ്രജനനം നടത്തുന്നത്. രോഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് പൊതു, സ്വകാര്യ ആശുപത്രികളിൽനിന്നും ആരോഗ്യ കേന്ദ്രങ്ങളിൽനിന്നുമുള്ള റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പകർച്ച വ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താനുള്ള കാമ്പയിൻ മസ്കത്ത് മുനിസിപ്പാലിറ്റി ഊർജിതമാക്കി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുടനീളമുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഈ കൊതുകുകളെ ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങൾ ആണ് നടത്തുന്നത്. ഇത്തരം പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ശുചിത്വ രീതികൾ സ്വീകരിക്കാനായി കമ്യൂണിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
തലസ്ഥാന നഗരിയിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയർത്തിയിരുന്നു. റൂവി, ഹംരിയ, ദർസൈത്ത് എന്നിവിടങ്ങളിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർ കണ്ടീഷണറിന്റെ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വെള്ള പാത്രങ്ങൾ, ചെടിച്ചട്ടികൾ മുതലായവയാണ് സാധാരണ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണമെന്നും നിർദേശിച്ചു.
ഈഡിസ് ഈജിപ്തി എന്ന കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മുതുകിലും മൂന്നു ജോഡി കാലുകളിലും വെളുത്ത വരകളും ഉണ്ടാകും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്ര ഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനം പുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.