അക്ഷരത്തുള്ളികൾ നുകർന്നെടുത്ത ഗുരുമുഖത്തോടുള്ള ആരാധനയോ അധ്യാപനം എന്ന ജോലിയോടുള്ള മുഹബത്തോ അതോ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒരു തൊഴിലാണോ... ഇതിനെല്ലാം ഒരുത്തരമേ ഉള്ളൂ അതെ, ഇവയെല്ലാം കൂടിച്ചേർന്നതാണിന്നെെൻറ അധ്യാപികാപദവി. ഞാനെെൻറ ഹൃദയത്തിൽ ഗുരുനാഥൻ മാർക്ക് കൊടുത്ത ആദരവാകാം കാലം എന്നിൽ ഒരധ്യാപിക എന്ന പൊൻതൂവൽ ചാർത്തിത്തന്നത്. ആ ബഹുമതിയെ ഇന്നീ അധ്യാപകദിനത്തിൽ ഞാനെെൻറ ഗുരുക്കന്മാർക്ക് കാണിക്കയായി സമർപ്പിക്കുന്നു.
ജി.എസ്.ടി.എസ് മുള്ളമ്പത്ത് എന്ന മുദ്രാവാക്യവും കായികത്തിൽ തരക്കേടില്ലാത്ത ഒരുതാരമായി സോപ്പുപെട്ടിയും ചീപ്പും സ്റ്റീൽഗ്ലാസും സബ്ജില്ല മത്സരത്തിൽ സമ്മാനമായി മേടിച്ച് സ്കൂൾ അസംബ്ലിയിൽ ഗമയോടെ നിന്നതുമാണ് ബാലതരത്തിലെ ഏറ്റവും രുചിയുള്ള ഓർമകൾ.സ്വൽപംഇരുണ്ട നിറത്തിൽ ആജാനുബാഹുവായ മോഹൻ മാസ്റ്റർ കുട്ടികളുടെ ഒരു പേടിസ്വപ്നമായിരുന്നു. നാലുവർഷം അവിടെ പഠിച്ചിട്ടും ഒരിക്കൽപോലും പേടിപ്പെടുത്തുന്ന ഒരനുഭവവും ഓർമയിൽ ഇല്ല. എങ്കിലും അദ്ദേഹത്തിെൻറ പേരുമാത്രം മതിയായിരുന്നു ആ സ്കൂൾ മുഴുവൻ നിശ്ശബ്ദമാകാൻ. രൂപി ടീച്ചറും തങ്കമ്മ ടീച്ചറും കൈതക്കൽ അമ്മത് മാസ്റ്ററുമൊക്കെ ഓർമയിൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുേമ്പാൾ തഴുകിയും തലോടിയും അധ്യാപനത്തിൽ മായാജാലം തീർത്ത ഷൈനി ടീച്ചറും സുഗത ടീച്ചറും എന്നിൽ തീർത്തത് അധ്യാപനത്തിെൻറ 'നിത്യഹരിത'വസന്തമാണ്.
അപ്പർ പ്രൈമറിയിലേക്ക് മാറുമ്പോൾ ഒരു ഐ.എ.എസ് കിട്ടിയതിെൻറ പവറായിരുന്നു. പുതിയ അന്തരീക്ഷം വരവേറ്റത് 'ചന്തുമാഷ്' എന്ന പേടിസ്വപ്നമായിരുന്നു. ഇന്നത്തെ റാഗിങ് ശാരീരികമാണെങ്കിൽ അന്നത്തേത് മാനസിക പീഠനമായിരുന്നു. സ്കൂളിനേയും അവിടത്തെ അധ്യാപകരെയും കുറിച്ച് മനസ്സിൽ ഒരുതരം ഭീതിപരത്തൽ. ഉപ്പയുടെ പരിചയക്കാരനാണീ ചന്തു മാഷെന്ന് നേരിൽകണ്ട് മനസ്സിലായതോടെ മാഷിനെ കാണുമ്പോൾ ഉപ്പയേ കാണുന്നതുപോലെ പ്രത്യേക സുരക്ഷിതത്വമായിരുന്നു.
അധ്യാപകർ എനിക്കെന്നുമൊരു മഹാത്ഭുതമായിരുന്നു. ജ്ഞാനങ്ങൾ ഒന്നിനുപിറകേ ഒന്നായി പുറത്തേക്കുവരുമ്പോൾ അവരാണ് ലോകത്തിലെ ഏറ്റവുംകഴിവുള്ള അവതാരങ്ങളെന്നുതോന്നി. വ്യത്യസ്തമായ ഒരുതരം സിദ്ധി. അവരേക്കാൾ വലിയ മാസ്മരിക സിദ്ധി ആർക്കുമുണ്ടെന്ന് തോന്നിയിേട്ടയില്ല.
അഞ്ചു മുതൽ ഏഴുവരെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യമായിരുന്നു. ശ്വാസിച്ചും തലോടിയും ജീവിതനൗക നേർവഴിയിലേക്ക് തിരിച്ച മൂസ ഉസ്താദും നിശ്ശബ്ദതയും വിനയവും കൊണ്ട് മുപ്പതോളം വർഷം നാടിെൻറ നെടുംതൂണായിരുന്ന ഖാദി ഹൈദർ ഉസ്താദും സ്കൂളിലെ ഓരോ കുട്ടികളെയും അകക്കണ്ണുകൊണ്ട് പിന്തുടർന്ന് വഴികാട്ടിയായിരുന്ന ഗോപി മാഷിെൻറയും പിന്തുണ ജീവിതത്തിൽ എത്രമാത്രം സ്വാധീനംചെലുത്തിയെന്നത് ഓർത്തെടുക്കുേമ്പാൾ കണ്ണുകൾ ഈറനണിയാത്ത നിമിഷങ്ങളില്ല.
ഹൃദയത്തിലെ മുഴുവൻ നന്മയും മുഖത്തെഴുതിവെച്ച മറ്റൊരധ്യാപകനായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകനും പത്താം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപകനുമായ കണ്ണൻ മാഷ്. ഒരു സ്കൂളിെൻറ ഏറ്റവും മുതിർന്ന ആളായിട്ടും ഏറ്റവും ലാളിത്യത്തോടെ കുട്ടികളോട് ഇടപഴകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പത്തിരുപത്തഞ്ചാണ്ടുകൾക്ക് മുന്നേ കടന്നുപോയ ആ വർഷങ്ങളിലെ ഓരോ ദിനങ്ങളും ഇന്നും ഒരു കുളിർമഴയായി ഹൃദയത്തിൽ പെയ്തിറങ്ങുന്നുവെങ്കിൽ തീർച്ചയായും അവരൊക്കെയും ഞങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വിലമതിക്കാനാവാത്തത് ആയിരിക്കുമല്ലോ.
ഇഷ്ടപ്പെട്ടുചെയ്താൽ കഷ്ടപ്പെടേണ്ടിവരില്ല എന്നതുതന്നെയാണ് ഏതൊരു തൊഴിലിനെയും അർഥവത്താക്കുന്നത്. അധ്യാപനം ആസ്വദിച്ചുചെയ്യുന്നവർക്ക് അനുഭവിക്കാൻ കഴിയുന്ന മനോഹാരിത മറ്റേതൊരു കലപോലെയും അവർണനീയമാണ്.
നമ്മളിലൂടെ അവർ അക്ഷരങ്ങളുടെ ലോകത്ത് പിച്ചവെച്ച് നടന്നുകയറുന്നത് ഒരു ആത്മനിർവൃതിതന്നെയാണ്. ഒപ്പം അവരോട് ഹൃദയബന്ധം കൂടെ സ്ഥാപിക്കാൻ കഴിഞ്ഞെങ്കിൽ അക്ഷരത്തെറ്റില്ലാതെ അവരെ ഒരധ്യാപകനെന്ന് വിളിക്കാം. ആ ആത്മബന്ധത്തിന് ഒരായുസ്സിെൻറ ബലവും കാണും.
വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടപ്പോൾ മൂല്യങ്ങളും നാമറിഞ്ഞോ അറിയാതെയോ ചോർന്നുപോകുന്നുമുണ്ടെന്ന് പറയാതെ വയ്യ. അഞ്ചുവർഷം നാട്ടിലും ഒമാനിലുമായി സ്വകാര്യ സ്കൂളികളിലും ആറു വർഷത്തോളം സർക്കാർ സ്കൂളുകളിലുമുള്ള (ഒമാൻ) അനുഭവസമ്പത്തിൽ ഞാൻ കണ്ട ഏറ്റവും വേദനാജനകമായ കാര്യമാണത്. പണം മുടക്കുന്നവെൻറ അച്ചടക്കരാഹിത്യം കണ്ണടച്ച് കണ്ടില്ലെന്നുനടിക്കുമ്പോൾ വിദ്യാഭ്യാസം വെറും അഭ്യാസമായി മാറുകയാണ്. പണം മുടക്കി തെറ്റിനെ ന്യായീകരിക്കാം എന്ന ബാലപാഠമാണ് കുഞ്ഞിന് നൽകുന്നതെന്ന് രക്ഷിതാവ് അറിഞ്ഞിരിക്കണം. ദിവസവും ഫാസ്റ്റ് ഫുഡ് കൊണ്ടുവരുന്ന കുട്ടിയോട് ഇത് അനാരോഗ്യകരമാണ് എന്നു പറഞ്ഞുവിട്ടപ്പോൾ ...ദാറ്റ്സ് നൺ ഓഫ് യുവർ ബിസിനസ് എന്നു മറുപടി കൊടുത്തുവിട്ട മാതാപിതാക്കൾ തന്നെയാണ് ഇന്നത്തെ തലമുറയെ അഹങ്കാരിയാക്കി തീർക്കുന്നത്. മാതാപിതാക്കൾ മറ്റുള്ളവർക്ക് കൊടുക്കുന്ന മൂല്യമാണ് നാളെ മക്കൾ സമൂഹത്തിന് നൽകുന്നതെന്ന ബോധ്യം ഓരോ രക്ഷിതാവിനും ഉണ്ടായിരിക്കണം. 'മാതാപിതാഗുരുദൈവം' എന്ന നമ്മുടെ സംസ്കാരം ലിപികളിൽ മാത്രം ഒതുങ്ങാതിരിക്കെട്ട. എല്ലാ ഗുരുക്കന്മാർക്കും അധ്യാപക ദിനാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.